ഗൾഫ് മേഖലയുടെ സാമ്പത്തിക കുതിപ്പിന് ഊർജം പകരാൻ ജി.സി.സി റെയിൽവേ പദ്ധതി
'കുവൈത്തിൽനിന്ന് റിയാദിലേക്ക് യാത്ര ചെയ്യാൻ 150 മിനിറ്റ്'
കുവൈത്ത് സിറ്റി: മേഖലയുടെ സാമ്പത്തിക കുതിപ്പിന് ഊർജം പകരാൻ ജി.സി.സി റെയിൽവേ പദ്ധതി. സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ ആറ് ജിസിസി അംഗരാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്ത ദീർഘകാല മെഗാ ഗൾഫ് റെയിൽവേ പദ്ധതിയാണ് പ്രതീക്ഷ നൽകുന്നത്. പദ്ധതിയിൽ കുവൈത്തിന്റെ ഭാഗത്തുള്ള നിർമാണം 2030 ഡിസംബറിൽ പൂർത്തിയാകുമെന്നാണ് വാഗ്ദാനം.
പദ്ധതിയുമായി ബന്ധപ്പെട്ട് ജിസിസി റെയിൽവേ അതോറിറ്റി അടുത്തിടെ നിർണായക നടപടി സ്വീകരിച്ചതായാണ് പ്രാദേശിക പത്രങ്ങൾ പറയുന്നത്. ജൂൺ ഏഴിന് കമ്പനികൾക്ക് സമഗ്ര പ്രോജക്ട് പ്ലാൻ വികസിപ്പിക്കാനും റെയിൽവേയുടെ പ്രവർത്തന വശങ്ങൾ പരിശോധിക്കാനും ലേലനടപടികൾ ആരംഭിച്ചിരുന്നു. അവരുടെ ബിഡ്ഡുകൾ സമർപ്പിക്കാൻ ജൂലൈ ഏഴ് വരെയാണ് സമയം അനുവദിച്ചത്.
മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തുന്ന ട്രെയിൻ കുവൈത്തിൽ നിന്ന് റിയാദിലേക്ക് യാത്ര ചെയ്യാൻ 150 മിനിറ്റ് മാത്രമേ എടുക്കൂ എന്ന് സെന്റർ ഫോർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ അതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി അറിയിച്ചിരുന്നു. 30 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് തടസ്സമാകുന്ന വെല്ലുവിളികളെ നേരിടാൻ 23 മന്ത്രാലയങ്ങളും ഗവൺമെൻറ് ഏജൻസികളും സഹകരിക്കുന്നുണ്ടെന്നും അവർ വെളിപ്പെടുത്തി.
റെയിൽവേ പദ്ധതി ജിസിസി രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ഗണ്യമായി വർദ്ധിപ്പിക്കുമെന്നും മേഖലയ്ക്കുള്ളിൽ സാമ്പത്തിക ഏകീകരണം കൈവരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നും സാമ്പത്തിക വിദഗ്ധൻ അലി അൽ ഇൻസി പറഞ്ഞതായി കുവൈത്ത ടൈംസ് റിപ്പോർട്ട് ചെയ്തു. കുറഞ്ഞ ചെലവിൽ സുരക്ഷിതവും വേഗതയേറിയതും ആധുനികവുമായ ഗതാഗത മാർഗത്തിലൂടെ തങ്ങളുടെ ഉത്പന്നങ്ങൾ എത്തിക്കാൻ അവരെ സഹായിക്കുകയും രാജ്യങ്ങളുടെ വളർച്ചയെയും ഉൽപ്പാദനക്ഷമതയെയും ഇത് പിന്തുണയ്ക്കുകയും ചെയ്യും. ആശയവിനിമയത്തിലും ഗതാഗതത്തിലും ഏറ്റവും പുതിയ സാങ്കേതിക മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ മാത്രമേ ജിസിസി രാജ്യങ്ങൾക്ക് അവർ ലക്ഷ്യമിടുന്ന സാമ്പത്തിക ഉയരങ്ങളിലെത്താൻ കഴിയൂ -ഇൻസി പറഞ്ഞു.
പദ്ധതി ചരക്ക് ഗതാഗതം സുഗമമാക്കുക മാത്രമല്ല, ജനങ്ങളുടെ യാത്രാ പ്രശ്നങ്ങൾ ലഘൂകരിക്കുകയും ഗൾഫ് വിനോദസഞ്ചാരത്തിന്റെ ഉയർച്ചയ്ക്ക് കാരണമാകുകയും ചെയ്യുമെന്നും ഇൻസി പറഞ്ഞു. യൂറോപ്പിലെ റെയിൽവേ സംവിധാനത്തിന് സമാനമായി, ഈ പദ്ധതി എല്ലാ ജിസിസി രാജ്യങ്ങളിലും യാത്രാച്ചെലവ് കുറയ്ക്കുകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കൂടുതൽ ഗതാഗത ബദലുകൾ ഉണ്ടാകുന്നതിനാൽ, മറ്റ് മോഡുകളുമായുള്ള മത്സരം വർധിക്കും, ഇത് വിമാന നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ട് -അദ്ദേഹം പറഞ്ഞു. ജിസിസി റെയിൽ പദ്ധതി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അതുവഴി മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാനാകുമെന്നും ഇൻസി കൂട്ടിച്ചേർത്തു. ട്രെയിനെത്തുന്നതോടെ ഇതര വാഹനങ്ങളുടെ ഉപയോഗം കുറയുമെന്നും അതുവഴി കാർബൺ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നത് കുറയ്ക്കാനാകുമെന്നും പരിസ്ഥിതിയുടെ ഗുണനിലവാരം മെച്ചപ്പെടുമെന്നും ഇൻസി സൂചിപ്പിച്ചു.
Adjust Story Font
16