കുവൈത്തിൽ സർക്കാർ ഓഫീസുകൾ നാളെ മുതൽ നൂറു ശതമാനം ഹാജർനിലയിൽ പ്രവർത്തിക്കും
രാജ്യത്തെ മുഴുവൻ സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളും കോവിഡിന് മുമ്പുണ്ടായിരുന്നതുപോലെ പ്രവർത്തിച്ചുതുടങ്ങും

കുവൈത്തിൽ സർക്കാർ ഓഫീസുകൾ നാളെ മുതൽ നൂറു ശതമാനം ഹാജർ നിലയിൽ പ്രവർത്തിക്കും. കോവിഡിനു ശേഷം ആദ്യമായാണ് സർക്കാർ ഓഫീസുകൾ പൂർണശേഷിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് രാജ്യത്തെ സർക്കാർ കാര്യാലയങ്ങൾ നൂറു ശതമാനം ഹാജർനിലയിലേക്ക് തിരികെ എത്തുന്നത്. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം ചേർന്ന മന്ത്രിസഭായോഗത്തിലാണ് മാർച്ച് 13 മുതൽ സർക്കാർ ഓഫീസുകൾ പൂർണ തോതിൽ പ്രവർത്തിക്കാൻ നിർദേശം നൽകിയത്.
ഇതനുസരിച്ചു രാജ്യത്തെ മുഴുവൻ സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളും കോവിഡിന് മുമ്പുണ്ടായിരുന്നതുപോലെ പ്രവർത്തിച്ചുതുടങ്ങും. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളിൽ ഏർപ്പെടുത്തിയിരുന്ന മുഴുവൻ നിയന്ത്രണങ്ങളും ഇതോടെ ഇല്ലാതാകും. പ്രത്യേകം നിർണയിക്കപ്പെട്ട അവധി ദിനങ്ങളിലല്ലാതെ ജീവനക്കാർ ജോലിക്ക് ഹാജരാകാതിരിക്കരുതെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് രൂക്ഷമായതിനെ തുടർന്ന് 2020 മാർച്ചിലായിരുന്നു സർക്കാർ ഓഫീസുകളുടെ ഹാജർനില 50 ശതമാനമാക്കി കുറച്ചത്. പിന്നീട് ഇത് 70 ശതമാനമാക്കി ഉയർത്തിയിരുന്നു.
Adjust Story Font
16

