132 വിദേശികളെ പിരിച്ചുവിട്ടു; കുവൈത്ത് മുനിസിപ്പാലിറ്റിയിലെ സ്വദേശിവൽക്കരണത്തിന് തുടക്കം
കുവൈത്തി വനിതകളുടെ വിദേശ പൗരത്വമുള്ള മക്കൾ, ബിദൂനികൾ , ജിസിസി പൗരന്മാർ എന്നിവരെ പിരിച്ചു വിടൽ നടപടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കുവൈത്ത് സിറ്റി: കുവൈത്തിൽ മുനിസിപാലിറ്റി തസ്തികകളിലെ സ്വദേശിവൽക്കരണ നടപടികളുടെ ആദ്യഘട്ടം ആരംഭിച്ചു. വിദേശികളായ 132 ജീവനക്കാരെ പിരിച്ചു വിട്ടു കൊണ്ട് ഡയറക്ടർ ജനറൽ അഹമദ് അൽ മൻഫൂഹി വിജ്ഞാപനം പുറപ്പെടുവിച്ചു.
മുനിസിപ്പാലിറ്റി ഉദ്യോഗങ്ങളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായാണ് 132 പേരെ പിരിച്ചു വിട്ടു കൊണ്ട് മുൻസിപ്പൽ ഡയറക്ടർ എൻജിനീയർ അഹമ്മദ് അൽ മൻഫൂഹി ഉത്തരവ് ഇറക്കിയത്. മുനിസിപാലിറ്റി ജോലികളിൽ നിന്ന് വിദേശികളെ ഒഴിവാക്കാനുള്ള തീരുമാനം കർശനമായി നടപ്പാക്കുമെന്നും നിലവിലുള്ള ജീവനക്കാരെ മൂന്നു ഘട്ടങ്ങളായി പിരിച്ചു വിടുമെന്നും കഴിഞ്ഞ ആഴ്ച മുൻസിപ്പൽ കാര്യമന്ത്രി ഡോ റെന അൽ ഫാരിസ് വ്യക്തമാക്കിയിരുന്നു.
മന്ത്രിയുടെ നിർദേശമനുസരിച്ചുള്ള ആദ്യ പിരിച്ചുവിടൽ ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. രണ്ടാം ഘട്ടം 2023 ഫെബ്രുവരി 1 നുള്ളിൽ ആണ് നടപ്പാക്കുക . ഈ സമയത്ത് 33 ശതമാനം ജീവനക്കാർക്ക് കൂടി തൊഴിൽ നഷ്ടമാകും ശേഷിക്കുന്നവർക്ക് അടുത്ത വർഷം ജൂലായ് 1 നു മുൻപും പിരിച്ചു വിടൽ നോടീസ് നൽകാനാണ് തീരുമാനം . കുവൈത്തി വനിതകളുടെ വിദേശ പൗരത്വമുള്ള മക്കൾ, ബിദൂനികൾ , ജിസിസി പൗരന്മാർ എന്നിവരെ പിരിച്ചു വിടൽ നടപടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനിടെ കുവൈത്തിവൽക്കരണ നടപടികളുടെ ഭാഗമായി 30 വിദേശിജീവനക്കാരെ പിരിച്ചു വിട്ടതായി 30 നീതിന്യായ മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

