മുഹറം: കുവൈത്തിൽ ഹുസൈനിയകൾക്ക് സുരക്ഷ ശക്തമാക്കി
ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പരിശോധന

കുവൈത്ത് സിറ്റി: മുഹറം മാസത്തോടനുബന്ധിച്ച് ഹുസൈനിയകളുടെയും അനുസ്മരണ ചടങ്ങുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ആഭ്യന്തര മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി മിസ്ഫർ അൽ-അദ്വാനി രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ ശനിയാഴ്ച മിന്നൽ പരിശോധന നടത്തി. മന്ത്രാലയം ആസൂത്രണം ചെയ്ത സുരക്ഷാ, സംഘാടന പദ്ധതികളുടെ നിർവ്വഹണം വിലയിരുത്തുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ഹുസൈനിയകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങൾ മേജർ ജനറൽ അൽ-അദ്വാനി നേരിട്ട് വിലയിരുത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സജ്ജീകരണവും വിന്യാസവും അദ്ദേഹം ഉറപ്പാക്കി. പൊതു സുരക്ഷ നിലനിർത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി സ്ഥല ക്രമീകരണങ്ങൾ നടത്തുന്നതിനും ഊന്നൽ നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
കുവൈത്ത് നാഷണൽ ഗാർഡിന്റെയും ജനറൽ ഫയർ ഫോഴ്‌സിന്റെയും സഹായ യൂണിറ്റുകളും ആക്ടിംഗ് അണ്ടർസെക്രട്ടറി പരിശോധിച്ചു. മൊബൈൽ ഫയർഫൈറ്റിംഗ് യൂണിറ്റിന്റെ പ്രവർത്തന ശേഷിയെക്കുറിച്ച് അദ്ദേഹം വിവരങ്ങൾ തേടുകയും, അതിന്റെ സജ്ജീകരണത്തിലും സുരക്ഷയും പ്രതിരോധ നടപടികളും മെച്ചപ്പെടുത്തുന്നതിൽ അത് വഹിക്കുന്ന നിർണായക പങ്കിനെയും പ്രശംസിച്ചു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച്, മതപരമായ ചടങ്ങുകളിൽ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ അധികാരികളും തമ്മിൽ നിരന്തരമായ ജാഗ്രതയും മെച്ചപ്പെട്ട ഏകോപനവും ആവശ്യമാണെന്ന് മേജർ ജനറൽ അൽ-അദ്വാനി ആവർത്തിച്ചു വ്യക്തമാക്കി.
Adjust Story Font
16

