ജനുവരി 20 ഇനി മുതൽ ഗൾഫ് ടൂറിസം ദിനമായി ആഘോഷിക്കും
കുവൈത്തിൽ നടന്ന ഗൾഫ് രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം

കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ ഒമ്പതാമത് യോഗം ഫെബ്രുവരി 17ന് കുവൈത്തിൽ നടന്നു. മേഖലയിലെ ടൂറിസം സഹകരണം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു. ജനുവരി 20 ഗൾഫ് ടൂറിസം ദിനമായി വർഷം തോറും ആഘോഷിക്കുമെന്നതാണ് പ്രധാന തീരുമാനം. ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ സെന്ററാണ് ഗൾഫ് ടൂറിസം ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. ടൂറിസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മേഖലയിലെ സാമ്പത്തിക, സാമൂഹിക വികസനത്തിൽ അതിന്റെ പങ്കിനെക്കുറിച്ചും അവബോധം വളർത്തുകയാണ് ലക്ഷ്യം.
സംയുക്ത പ്രൊമോഷണൽ പാക്കേജുകൾക്കുള്ള ചട്ടക്കൂട് രൂപീകരിക്കുന്നതിനും അവയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനുള്ള സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിനും ഗൾഫ് ടൂറിസം സ്ട്രാറ്റജി കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. പ്രധാന പ്രാദേശിക, അന്തർദേശീയ ടൂറിസം എക്‌സിബിഷനുകളിൽ ഗൾഫ് ടൂറിസത്തിനായി പ്രൊമോഷണൽ സെമിനാറുകൾ നടത്താനും തീരുമാനിച്ചു. ഗൾഫ് രാജ്യങ്ങളുടെ ടൂറിസം സാധ്യതകൾ പ്രദർശിപ്പിക്കുന്ന ഒരു പ്രൊമോഷണൽ ഡോക്യുമെന്ററി തയ്യാറാക്കുന്നതിനുള്ള നടപടികളും കമ്മിറ്റി സ്വീകരിക്കും.
2023ൽ 68.1 ദശലക്ഷം അന്തർദേശീയ വിനോദ സഞ്ചാരികൾ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചെന്നും 110.4 ബില്യൺ ഡോളർ വരുമാനം ലഭിച്ചെന്നും ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പറഞ്ഞു. ആഗോള ടൂറിസം വരവിൽ 5.2ശതമാനവും അന്തർദേശീയ ടൂറിസം വരുമാനത്തിൽ 7.2ശതമാനവും ഇപ്പോൾ ജിസിസിക്കുണ്ട്. ഒരു ആഗോള ടൂറിസം കേന്ദ്രമായി ഗൾഫ് വളരുകയാണെന്ന് ഇത് സ്ഥിരീകരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിസിസിയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന് ടൂറിസം മേഖലയുടെ സംഭാവന 223.4 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്. 2022 മുതൽ 2023 വരെ 29.4ശതമാനം വാർഷിക വളർച്ചയും രേഖപ്പെടുത്തി. തൊഴിൽ മേഖലയിൽ 2023ൽ 1.5 ദശലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിച്ചു. 2020നെ അപേക്ഷിച്ച് 17 ശതമാനം വളർച്ചയാണിത്.
മേഖലാ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ സംഘടിപ്പിക്കുന്ന ടൂറിസം സ്ഥിതിവിവരക്കണക്കുകൾക്കായുള്ള വാർഷിക പരിശീലന ശിൽപശാലയ്ക്ക് യോഗം അംഗീകാരം നൽകി. ടൂറിസം മേഖലയിലെ മാനവ വിഭവശേഷി വികസനവും യോഗത്തിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു. മേഖലയിലെ ടൂറിസം സേവനങ്ങളുടെ പ്രൊഫഷണിലിസം മെച്ചപ്പെടുത്തുന്നതിനായി ടൂറിസ്റ്റ് ഗൈഡുകൾക്കായി ഏകീകൃത പാഠ്യപദ്ധതി വികസിപ്പിക്കാനും യോഗം തീരുമാനിച്ചു.
Adjust Story Font
16

