ചെക്ക്-ഇൻ ബാഗേജ് ഇല്ലാതെ യാത്ര; പുതിയ എക്കോണമി ക്ലാസ് അവതരിപ്പിച്ച് കുവൈത്ത് എയർവേയ്സ്
ഏഴ് കിലോഗ്രാം വരെ ഭാരമുള്ള ഒരു കാബിൻ ബാഗ് മാത്രമാണ് ഇതിൽ അനുവദിക്കുക

കുവൈത്ത് സിറ്റി: യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് കുവൈത്ത് എയർവേയ്സ് പുതിയ എക്കോണമി ക്ലാസ് ടിക്കറ്റ് ഓപ്ഷൻ അവതരിപ്പിച്ചു. 'എക്കോണമി ക്ലാസ് വിത്തൗട്ട് ബാഗേജ്' എന്ന പുതിയ വിഭാഗത്തിൽ, യാത്രക്കാർക്ക് ചെക്ക്-ഇൻ ബാഗേജില്ലാതെ, കൈയിൽ കൊണ്ടുപോകാവുന്ന ഭാരം കുറഞ്ഞ ബാഗ് മാത്രമായി യാത്ര ചെയ്യാം.
ചെറിയ ബിസിനസ്സ് യാത്രകൾക്കും അല്ലെങ്കിൽ വലിയ ലഗേജുകളുടെ ആവശ്യമില്ലാത്ത പേർസണൽ യാത്രകൾക്കും ഈ പുതിയ ഓപ്ഷൻ വളരെ പ്രയോജനകരമാണെന്ന് കുവൈത്ത് എയർവേയ്സ് ചെയർമാൻ അബ്ദുൽ മൊഹസിൻ അൽ ഫഖാൻ പറഞ്ഞു. ഏഴ് കിലോഗ്രാം വരെ ഭാരമുള്ള ഒരു കാബിൻ ബാഗ് മാത്രമായിരിക്കും ഈ ടിക്കറ്റ് വിഭാഗത്തിൽ അനുവദിക്കുക. ടെർമിനൽ 4ലെ സെൽഫ് സർവീസ് മെഷീനുകൾ വഴി നേരിട്ട് ബോർഡിങ് പാസ് എടുക്കാനും സാധിക്കും.
യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിൽ കുവൈത്ത് എയർവേയ്സ് പ്രതിജ്ഞാബദ്ധമാണെന്ന് അൽ ഫഖാൻ വ്യക്തമാക്കി. ടെർമിനലിലേക്കുള്ള പ്രവേശനവും, സുഗമമായ ചെക്ക്-ഇൻ നടപടികളും, വിമാനത്തിലെ മികച്ച സൗകര്യങ്ങളും വിനോദവും, ഉയർന്ന നിലവാരമുള്ള ആതിഥ്യം ഉറപ്പാക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്ത് എയർവേയ്സിന്റെ എക്കോണമി ക്ലാസ് നാല് വിഭാഗങ്ങളായി പുനഃക്രമീകരിച്ചു:
എക്കോണമി ക്ലാസ് വിത്തൗട്ട് ബാഗേജ്: കൈവശമുള്ള ബാഗേജ് മാത്രം അനുവദനീയമാണ്.
എക്കോണമി സേവർ: 32 കിലോഗ്രാം വരെ ഭാരമുള്ള ഒരു ചെക്ക്-ഇൻ ബാഗ് അനുവദിക്കും.
സ്റ്റാൻഡേർഡ് എക്കോണമി: 23 കിലോഗ്രാം വീതമുള്ള രണ്ട് ചെക്ക്-ഇൻ ബാഗുകൾ അനുവദിക്കും.
എക്കോണമി ഫ്‌ളെക്‌സ്: 23 കിലോഗ്രാം വീതമുള്ള രണ്ട് ചെക്ക്-ഇൻ ബാഗുകൾ അനുവദിക്കും.
Adjust Story Font
16

