ഇനി 'അൽ വഫ്‌റ'യിൽ പറക്കാം...; കുവൈത്ത് എയർവേയ്സിന് രണ്ടാമത്തെ A321 നിയോ വിമാനമെത്തി
ആകെ ഒമ്പത് വിമാനങ്ങളുടെ കൈമാറ്റത്തിനാണ് കരാർ

കുവൈത്ത് സിറ്റി: എയർബസിൽ നിന്ന് കുവൈത്ത് എയർവേയ്സിന് രണ്ടാമത്തെ A321neo വിമാനമെത്തി. 'അൽ വഫ്‌റ' എന്നാണ് വിമാനത്തിന് പേരിട്ടത്. ആകെ ഒമ്പത് വിമാനങ്ങളുടെ കൈമാറ്റത്തിനാണ് കുവൈത്ത് എയർവേയ്‌സും എയർബസും തമ്മിൽ കരാറുള്ളത്. തങ്ങളുടെ രണ്ടാമത്തെ എയർബസ് A321neo വിമാനം എത്തിയതായി വ്യാഴാഴ്ച കുവൈത്ത് എയർവേയ്‌സ് പ്രഖ്യാപിച്ചത്. പ്രവർത്തന ശേഷി വർധിപ്പിക്കുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനുമുള്ള എയർലൈനിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ വിമാനമെത്തിച്ചത്. വരും വർഷങ്ങളിൽ കൂടുതൽ വിമാനങ്ങൾ എത്തിക്കും.
'A321neo-യിൽ നൂതന സാങ്കേതികവിദ്യയും ആധുനിക വിനോദ സംവിധാനവുമുണ്ടെന്നും ഇത് യാത്രക്കാർക്ക് കൂടുതൽ സുഖകരവും ആസ്വാദ്യകരവുമായ യാത്ര നൽകുമെന്നും കുവൈത്ത് എയർവേയ്‌സ് ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ മുഹ്‌സിൻ അൽഫഖാൻ പറഞ്ഞു.
ഉയർന്ന പ്രവർത്തന ക്ഷമതയും ആധുനിക ക്യാബിൻ സൗകര്യവുമുള്ള A321neo യുടെ ബിസിനസ് ക്ലാസിൽ 16 ഉം ഇക്കണോമി ക്ലാസിൽ 150 ഉം യാത്രക്കാരെ വഹിക്കാൻ കഴിയുമെന്നും എയർലൈൻ ചൂണ്ടിക്കാണിച്ചു. 9.5 ടൺ വരെ കാർഗോ കൊണ്ടുപോകാനും വിമാനത്തിന് കഴിയും. ഇന്ധന ഉപഭോഗത്തിൽ 20 ശതമാനം കുറവ്, എയർഫ്രെയിം അറ്റകുറ്റപ്പണി ചെലവിൽ 5 ശതമാനം കുറവ്, മൊത്തം പ്രവർത്തന ചെലവിൽ 14 ശതമാനം കുറവ് എന്നിവയും ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി.
കൂടാതെ, വിമാനത്തിൽ ഏറ്റവും നൂതനമായ ഇൻ-ഫ്‌ളൈറ്റ് വിനോദ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വലിയ, അത്യാധുനിക സ്‌ക്രീനുകളും ഹെഡ്ഫോണുകൾക്കുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.
1953-ലാണ് കുവൈത്ത് നാഷണൽ എയർവേയ്സ് ലിമിറ്റഡ് എന്ന പേരിൽ കുവൈത്ത് എയർവേയ്സ് സ്ഥാപിതമായത്. 1954 മാർച്ച് 16-ന് ആദ്യ വിമാന സർവീസ് ആരംഭിച്ചു. 1962-ൽ ഗവൺമെന്റ് എയർലൈനിന്റെ പൂർണ ഉടമസ്ഥാവകാശം ഏറ്റെടുത്തു.
Adjust Story Font
16

