ചാരിറ്റിയുടെ മറവിൽ വൻ തട്ടിപ്പ്; അഞ്ച് പേർ പ്രതിമാസം സമ്പാദിച്ചത് 1.87 കോടി രൂപ
ഈജിപ്ത്, സിറിയൻ പൗരൻമാരെയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്

കുവൈത്ത് സിറ്റി: ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ സംഘം പ്രതിമാസം സമ്പാദിച്ചത് 60,000 ദിനാർ (ഏകദേശം 1.87 കോടി രൂപ) വരെയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പാവപ്പെട്ടവർക്കും അർഹരായവർക്കും നൽകാനെന്ന പേരിൽ ശേഖരിച്ച വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ഫർണിച്ചറും ഭക്ഷണസാധനങ്ങളും മറിച്ചുവിറ്റാണ് ഈ സംഘം വൻ തുക സമ്പാദിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചംഗ സംഘത്തെയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. മൂന്ന് സിറിയക്കാരും രണ്ട് ഈജിപ്തുകാരുമാണ് പ്രതികൾ. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലെ ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് പ്രതികളെ കണ്ടെത്തിയത്.
ഒരു ഫർണിച്ചർ മാറ്റി സ്ഥാപിക്കൽ കമ്പനിയാണ് ചാരിറ്റി പദ്ധതിയുടെ പേരിലുള്ള വെബ്സൈറ്റും ഫോൺ ലൈനും വാടകക്കെടുത്തത്. ചാരിറ്റി സ്ഥാപനത്തിലെ ഒരു ജീവനക്കാരന്‍റെ സഹായത്തോടെയാണ് ഇവ കൈവശപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. ചാരിറ്റി പദ്ധതിയുടെ ലക്ഷ്യങ്ങൾക്കായി സംഭാവനകൾ സ്വീകരിക്കുന്നുവെന്ന വിശ്വാസം സൃഷ്ടിച്ചായിരുന്നു പ്രവർത്തനം. വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചർ, ഭക്ഷണസാധനങ്ങൾ തുടങ്ങിയവയാണ് ഇത്തരത്തിൽ ശേഖരിച്ചത്. ഡെലിവറി ഏജന്‍റുമാരുടെ സഹായത്തോടെയാണ് പ്രതികൾ വീടുകളിലും മറ്റിടങ്ങളിലുമെത്തി സാധനങ്ങൾ ശേഖരിച്ചത്. എന്നാൽ ഇവ അർഹരായവർക്ക് കൈമാറുന്നതിന് പകരം സംഘം സ്വന്തം കൈവശം സൂക്ഷിച്ചു.
സാധനങ്ങൾ കുവൈത്തിലെ പ്രാദേശിക വിപണികളിൽ വിൽക്കുകയോ വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയോ ചെയ്ത് ലാഭമുണ്ടാക്കിയെന്നാണ് ജഹ്റ ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്‍റെ സുലൈബിയ ഓഫീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. അന്വേഷണത്തിനിടെ അമ്ഗറയിലാണ് കമ്പനിയുടെ ഗോഡൗൺ പൊലീസ് കണ്ടെത്തിയത്. ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങൾ പിടിച്ചെടുത്തതായും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുകയാണ്.
Adjust Story Font
16

