സ്വാതന്ത്ര്യത്തിന്റെയും അധിനിവേശ ശക്തികളിൽ നിന്നുള്ള മോചനത്തിന്റേയും ഓർമ പുതുക്കി കുവൈത്ത്

കുവൈത്ത് സിറ്റി: സ്വാതന്ത്രത്തിന്റെയും അധിനിവേശ ശക്തികളിൽ നിന്നുള്ള മോചനത്തിന്റെയും ഓർമ പുതുക്കി കുവൈത്ത്. സ്വദേശികളും പ്രവാസികളുമടക്കം ആയിരക്കണക്കിന് ജനങ്ങളാണ് രാജ്യത്തിൻറെ വിവിധ കേന്ദ്രങ്ങളിൽ ആഘോഷങ്ങൾക്കായി ഒഴുകിയെത്തിയത്. ബ്രിട്ടീഷ് കോളനി ഭരണത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ ഓർമ പുതുക്കിയാണ് ഇന്നലെ ദേശീയ ദിനം ആഘോഷിച്ചതെങ്കിൽ ഇറാഖിൽ നിന്നും മോചിതമായതിന്റെ ഓർമയ്ക്കായാണ് വിമോചനദിനാഘോഷം. രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ രക്തസാക്ഷികളുടെ ഓർമ്മ പുതുക്കി വിവിധ കേന്ദ്രങ്ങളിൽ പ്രത്യേക ചടങ്ങുകൾ നടന്നു.
കഴിഞ്ഞ ദിവസം 64ാമത് ദേശീയ ദിനാഘോഷ പൊലിമയിലായിരുന്നു നാട്. ആഘോഷത്തിൻറെ ഭാഗമായി ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ എന്നീവ കേന്ദ്രീകരിച്ച് വിവിധങ്ങളായ പരിപാടികൾ അരങ്ങേറി. കുവൈത്ത് ടവർ, അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, അൽ കൂത്ത് മാൾ, ഖൈറാൻ മാൽ എന്നിവിടങ്ങൾ ആഘോഷങ്ങളുടെ കേന്ദ്രങ്ങളായിരുന്നു. പ്രധാന ഷോപ്പിങ് മാളുകളും കച്ചവട സ്ഥാപനങ്ങളും ദീപാലങ്കാരം കൊണ്ടും ഓഫറുകൾ പ്രഖ്യാപിച്ചും ദേശീയ ദിനത്തിൽ പങ്കുകൊണ്ടു. കുവൈത്ത് പതാകകളുമായി ജനങ്ങൾ തെരുവിൽ ആഹ്ലാദം പങ്കുവെച്ചു. കെട്ടിടങ്ങളും വീടുകളും വർണവെളിച്ചത്തിൽ തിളങ്ങി. ദേശീയ ആഘോഷത്തിനായി ആയിരക്കണക്കിന് പേരാണ് ഗൾഫ് സ്ട്രീറ്റിൽ അണിനിരന്നത്.
കരിമരുന്ന് പ്രയോഗവും വ്യോമാഭ്യാസ വിസ്മയങ്ങളും വീക്ഷിക്കാൻ ആയിരക്കണക്കിന് കുടുംബങ്ങൾ ഒഴുകിയെത്തി. വിവിധ പരിപാടികളുമായി പ്രവാസി കൂട്ടായ്മകളും ദേശീയ ദിനാഘോഷത്തിൽ സജീവമായി പങ്ക് ചേർന്നു. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരും കുവൈത്തിൻറെ ദേശീയദിന ആഘോഷത്തിൽ സജീവമാണ്.
Adjust Story Font
16

