Quantcast

കോവിഡ് വ്യാപനം; കുവൈത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ

പുതിയ നിയന്ത്രണങ്ങൾ ജനുവരി 12 മുതൽ നിലവില്‍ വരും

MediaOne Logo

Web Desk

  • Updated:

    2022-01-10 15:41:35.0

Published:

10 Jan 2022 3:39 PM GMT

കോവിഡ് വ്യാപനം; കുവൈത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ
X

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കുവൈത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന ശേഷി അമ്പത് ശതമാനമാക്കി കുറക്കാൻ തീരുമാനം. കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. പകുതി ജീവനക്കാർ മാത്രം ഒരേ സമയം ഓഫിസിൽ ഉണ്ടാകുന്ന വിധം ജോലി ക്രമീകരിക്കാൻ വിവിധ വകുപ്പുകൾക്ക് മന്ത്രിസഭ നിർദേശം നൽകി.

സുപ്രീം കൊറോണ എമർജൻസി കമ്മിറ്റി സമർപ്പിച്ച ശിപാർശകൾ വിലയിരുത്തിയ ശേഷമാണു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ഹാജർ നില അമ്പത് ശതമാനമാക്കി കുറക്കാനും യോഗങ്ങളും കോൺഫറൻസുകളും വെർച്ച്വൽ രുപത്തിലേക് മാറ്റാനുമാണ് തീരുമാനം. ഹാജർ പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും കഴിയുന്നത്ര കുറഞ്ഞ ശേഷിയിൽ പ്രവർത്തിക്കാൻ സ്വകാര്യ സ്ഥാപനങ്ങളോടും അധികൃതർനിർദേശിച്ചു ജോലി നടക്കാൻ ആവശ്യമായ മിനിമം ആളുകളെ വെച്ച് പ്രവർത്തിക്കാനാണ് നിർദേശം.

ജനുവരി 12 ബുധനാഴ്ച മുതലാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ആകുക. പബ്ലിക് ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ അമ്പത് ശതമാനത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റരുത്. സലൂണുകൾ, ബാർബർ ഷോപ്പുകൾ, ഹെൽത് ക്ലബുകൾ, എന്നിവിടങ്ങളിൽ ജീവനക്കാരും സന്ദർശകരും രണ്ട് ഡോസ് വാക്സിൻ എടുത്തവരാകണം. നഴ്സറികളിൽ ജീവനക്കാർ വാക്സിൻ എടുത്തിരിക്കണമെന്ന് നിബന്ധനക്കൊപ്പം കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ മുൻകരുതൽ നടപടികളും ജാഗ്രതയും സ്വീകരിക്കണമെന്നു പ്രത്യേക നിർദേശവും മന്ത്രിസഭ നൽകിയിട്ടുണ്ട്. കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സർക്കാർ സേവനങ്ങൾ പരമാവധി ഓൺലൈൻ വഴി ലഭ്യമാക്കണമെന്നും നേരിട്ട് ഹാജരാകേണ്ട സന്ദർഭങ്ങളിൽ അപ്പോയിന്മെന്റ് സംവിധാനം നടപ്പാക്കണമെന്നും കാബിനറ്റ് യോഗം നിർദേശിച്ചു.

TAGS :

Next Story