Quantcast

ഒമ്പത് മാസത്തിനിടെ 28,000-ത്തിലധികം പ്രവാസികളെ നാടുകടത്തി കുവൈത്ത്

2025 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകളാണ് അധികൃതർ പുറത്തുവിട്ടത്

MediaOne Logo

Web Desk

  • Published:

    5 Oct 2025 8:50 PM IST

Kuwait deports more than 28,000 expatriates in nine months
X

കുവൈത്ത് സിറ്റി: ഒമ്പത് മാസത്തിനിടെ 28,000-ത്തിലധികം പ്രവാസികളെ കുവൈത്ത് നാടുകടത്തി. 2025 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകളാണ് അധികൃതർ പുറത്തുവിട്ടത്. അനധികൃത താമസവും തൊഴിൽ നിയമ ലംഘനങ്ങളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും താമസനിയമം ലംഘിച്ചവർ, ഒളിച്ചോടിയവർ, യാചകർ തുടങ്ങിയവരായിരുന്നു. കൂടാതെ മയക്കുമരുന്ന് കേസുകളിൽ പെട്ടവരും അനധികൃതമായി തൊഴിൽ ചെയ്യുന്നവരും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരെയും ഉൾപ്പെടുത്തിയാണ് നടപടി ശക്തമാക്കിയതെന്ന് അധികൃതർ പറഞ്ഞു.

നാടുകടത്തപ്പെട്ടയാളോ സ്‌പോൺസറോ വിമാനടിക്കറ്റ് നൽകാത്ത സാഹചര്യത്തിൽ അംഗീകൃത ട്രാവൽ ഏജൻസികളുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം യാത്രാസൗകര്യം ഏർപ്പെടുത്തും. തുടർന്ന് ചെലവ് സ്‌പോൺസറിൽ നിന്ന് ഈടാക്കുകയും തുക അടയ്ക്കുന്നതുവരെ യാത്രാ വിലക്കോ സാമ്പത്തിക നിയന്ത്രണങ്ങളോ ഏർപ്പെടുത്തുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

സാധുവായ പാസ്പോർട്ടോ അടിയന്തര യാത്രാ രേഖയോ ഉള്ളവർക്ക് നാടുകടത്തൽ നടപടികൾ സാധാരണയായി മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാകും. എന്നാൽ എംബസി നടപടികളിലെ കാലതാമസമോ കോടതിയിൽ തുടരുന്ന കേസുകളോ കാരണം ചിലർക്ക് കൂടുതൽ സമയം എടുക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

യാത്രാ രേഖകളില്ലാത്തവർക്കായി വിദേശകാര്യ മന്ത്രാലയം എംബസികളുമായി സഹകരിച്ച് അടിയന്തര പാസ്പോർട്ടുകൾ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.

രാജ്യത്തിന്റെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സുരക്ഷാ കാമ്പയിനുകൾ തുടരുകയാണെന്നും ആയിരക്കണക്കിന് നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

TAGS :

Next Story