കുവൈത്തിലെ സ്കൂളുകളിൽ പുതിയ നിയന്ത്രണങ്ങൾ
വിദ്യാർഥികളുടെ സ്വകാര്യത സംരക്ഷിക്കുകയാണ് ലക്ഷ്യം

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം. പണം പിരിക്കൽ, ഭക്ഷണവിൽപ്പന, പരിപാടികൾ, ഫോട്ടോ, വീഡിയോ ചിത്രീകരണം തുടങ്ങി വിവിധ കാര്യങ്ങൾക്കാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.
അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് പണമോ സമ്മാനങ്ങളോ സ്വീകരിക്കുന്ന രീതി ഇനി സ്കൂളുകളിൽ അനുവദിക്കില്ല. സ്കൂൾ പരിസരത്ത് അനുമതിയില്ലാത്ത വിൽപ്പനയും പരസ്യപ്രവർത്തനങ്ങളും നടത്തുന്നതിനും നിയന്ത്രണമുണ്ട്. കാന്റീനുകളിലെ ഭക്ഷണസാധനങ്ങളുടെ വിൽപ്പനയും സ്കൂൾ പരിപാടികളിലെ ഭക്ഷണവിതരണവും ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കണം.
പുറത്തുനിന്നുള്ള അതിഥികളെ പങ്കെടുപ്പിച്ചുള്ള പരിപാടികൾക്കും ചിത്രീകരണത്തിനും മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. വിദ്യാർഥികളുടെ ചിത്രങ്ങളോ വ്യക്തിഗത വിവരങ്ങളോ അനുമതിയില്ലാതെ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതും പുതിയ നിർദേശങ്ങൾ വിലക്കുന്നു. മന്ത്രാലയത്തിന്റെയും സ്കൂളുകളുടെയും പേരും ലോഗോയും വ്യക്തിപരമായ ആവശ്യങ്ങൾക്കോ പരസ്യങ്ങൾക്കോ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. സ്കൂളുകളിലെ അച്ചടക്കം ഉറപ്പാക്കുക, വിദ്യാർഥികളുടെയും ജീവനക്കാരുടെയും സ്വകാര്യത സംരക്ഷിക്കുക എന്നിവയാണ് പുതിയ നിർദേശങ്ങളുടെ പ്രധാന ലക്ഷ്യം.
Adjust Story Font
16

