Quantcast

കുവൈത്തിൽ പ്രവാസികളുടെ വാടക വിവരം പുതുക്കാനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി

താമസസ്ഥലം മാറുന്നവർ പുതിയ ലീസ് കരാർ, പാസ്പോർട്ട് പകർപ്പ് തുടങ്ങിയ രേഖകൾ പാസിയിൽ സമർപ്പിക്കണം

MediaOne Logo

Web Desk

  • Published:

    9 Oct 2025 9:03 PM IST

Kuwait Public Authority for Civil Information has issued guidelines for updating rental information of expatriates.
X

കുവൈത്ത് സിറ്റി: പ്രവാസികളുടെ വാടക വിവരങ്ങൾ പുതുക്കുന്നതിനുള്ള വിശദ മാർഗനിർദേശങ്ങൾ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തിറക്കി. രേഖകളുടെ കൃത്യത മെച്ചപ്പെടുത്തുന്നതിനും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

റിയൽ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കുന്നതിനും സ്വദേശികൾക്കും പ്രവാസികൾക്കും ഭരണപരമായ പ്രക്രിയകൾ ലളിതമാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിയമങ്ങൾ പുറത്തിറക്കിയത്. താമസ വിലാസം, സ്വത്ത് ഉടമസ്ഥത, മോർട്ട്‌ഗേജിലുള്ള വീടുകൾ തുടങ്ങിയ പുതുക്കലിനാണ് ചട്ടങ്ങൾ ബാധകമാവുക.

പുതിയ നിയമങ്ങൾ പ്രകാരം താമസസ്ഥലം മാറുന്നവർ പുതിയ ലീസ് കരാർ, പാസ്പോർട്ട് പകർപ്പ് തുടങ്ങിയ ആവശ്യമായ രേഖകൾ പാസിയിൽ സമർപ്പിക്കണം. വാടക ലീസും വൈദ്യുതി മീറ്ററും ഒരേ പേരിലാണെങ്കിൽ സമീപകാല വൈദ്യുതി ബില്ലും തിരിച്ചറിയൽ രേഖയും ആവശ്യമാണ്.

മോർട്ട്‌ഗേജുള്ള വീടുകളിലെ വിവരങ്ങൾ പുതുക്കാൻ ബാങ്കിന്റെ അനുമതിപത്രവും സ്വത്തവകാശ രേഖയും ആവശ്യമായിരിക്കും. സമർപ്പിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്ന് ഒപ്പിട്ട പ്രസ്താവനയും നൽകണം.

വിവരങ്ങൾ കൃത്യമായി പുതുക്കുന്നത് താമസക്കാരന് സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കാൻ സഹായിക്കുമെന്ന് പബ്ലിക് അതോറിറ്റി അറിയിച്ചു.

വ്യാജ വിവരങ്ങൾ നൽകിയാൽ നിയമപ്രശ്‌നങ്ങൾക്കും സേവനതടസ്സങ്ങൾക്കും കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അപേക്ഷകർ എല്ലാ രേഖകളുടെയും ഒറിജിനലുകൾ സഹിതം പിഎസിഐ ഓഫീസുകളിൽ ഹാജരാകണമെന്നും അധികൃതർ നിർദേശിച്ചു.

TAGS :

Next Story