സമുദ്ര സുരക്ഷ: ആളില്ലാ സര്‍ഫേസ് വെസ്സലുകള്‍ പുറത്തിറക്കി കുവൈത്ത്
അണ്‍മാന്‍ഡ് സര്‍ഫേസ് വെസ്സലുകള്‍ (യുഎസ്‌വികള്‍) നേരിട്ടുള്ള മനുഷ്യ ഇടപെടലില്ലാതെ ദിവസങ്ങളോളം സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയുന്നവ

കുവൈത്ത് സിറ്റി: സമുദ്ര സുരക്ഷക്കായി ആളില്ലാ ഉപരിതല വെസ്സലുകള്‍ (അണ്‍മാന്‍ഡ് സര്‍ഫേസ് വെസ്സലുകള്‍ -യുഎസ്‌വികള്‍) പുറത്തിറക്കി കുവൈത്ത്. അണ്‍മാന്‍ഡ് സര്‍ഫേസ് വെസ്സലുകള്‍ നേരിട്ടുള്ള മനുഷ്യ ഇടപെടലില്ലാതെ ദിവസങ്ങളോളം സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയുന്നവയാണെന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഡയറക്ടര്‍ ജനറല്‍ കമോഡോര്‍ ശൈഖ് മുബാറക് അലി അസ്സബാഹ് വ്യക്തമാക്കി. യുഎസ്‌വികളുടെ വിപുലമായ പ്രവര്‍ത്തന ശേഷികളെക്കുറിച്ചും അദ്ദേഹം വിശദീകരണം നല്‍കി. തുടര്‍ച്ചയായ നിരീക്ഷണം, മേല്‍നേട്ടം, സംശയാസ്പദമായ സമുദ്ര നീക്കങ്ങള്‍ തടയല്‍, തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങളെ പിന്തുണക്കല്‍, പരിസ്ഥിതി മലിനീകരണം നിരീക്ഷിക്കല്‍, പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കല്‍, കുവൈത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലെ മൊത്തത്തിലുള്ള സമുദ്ര സുരക്ഷാ നിര്‍വ്വഹണം എന്നിവ അവയുടെ പ്രധാന ദൗത്യങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച കോസ്റ്റ് ഗാര്‍ഡിന്റെ ജനറല്‍ ഡയറക്ടറേറ്റില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ് സൗദ് അസ്സബാഹ് അണ്‍മാന്‍ഡ് സര്‍ഫേസ് വെസ്സലുകള്‍ ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ അലി മിസ്ഫര്‍ അല്‍അദ്‌വാനിയും അതിര്‍ത്തി സുരക്ഷാ മേഖലയിലെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ മുജ്ബില്‍ ഫഹദ് ബിന്‍ ഷൗഖും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പുതിയ സാങ്കേതികവിദ്യകളിലൂടെ സമുദ്ര സുരക്ഷ വര്‍ധിപ്പിക്കുന്നതിനായാണ് കുവൈത്ത് കോസ്റ്റ് ഗാര്‍ഡ് പദ്ധതിയുടെ നടപ്പാക്കിയത്.
നിലവില്‍ നടപ്പാക്കി വരുന്ന നൂതന സമുദ്ര നിരീക്ഷണ സംവിധാനവും ശൈഖ് ഫഹദ് പരിശോധിച്ചു. കുവൈത്തിന്റെ സമുദ്ര മേഖലയെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ സംവിധാനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ഏകീകൃത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റത്തിന് കീഴില്‍ തീരദേശ റഡാറുകള്‍, സെന്‍സറുകള്‍, ഉയര്‍ന്ന റെസല്യൂഷന്‍ കാമറകള്‍, ആളില്ലാ ഉപരിതല വെസ്സലുകള്‍ എന്നിവ സംയോജിപ്പിക്കുന്നു. യുഎസ്‌വികളെ നിയന്ത്രിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന നിയന്ത്രണ കേന്ദ്രത്തിന് പുറമേ, ശൈഖ് ഫഹദ് സമുദ്ര പ്രവര്‍ത്തന കേന്ദ്രവും സന്ദര്‍ശിച്ചു. അവയുടെ പ്രവര്‍ത്തന സംവിധാനങ്ങള്‍, നിരീക്ഷണ സംവിധാനങ്ങള്‍, സമുദ്ര യൂണിറ്റുകളെ കമാന്‍ഡ് സെന്ററുകളുമായി ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് നെറ്റ്വര്‍ക്ക് എന്നിവ അവലോകനം ചെയ്തു. ഈ പ്രധാന പദ്ധതി നടപ്പാക്കിയതിന് തീരദേശ സേനയുടെ ജനറല്‍ ഡയറക്ടറേറ്റിനെ ശൈഖ് ഫഹദ് പ്രശംസിച്ചു, അണ്‍മാന്‍ഡ് സര്‍ഫേസ് വെസ്സലുകള്‍ പുറത്തിറക്കിയത് ആധുനിക സാങ്കേതികവിദ്യകളിലൂടെ കുവൈത്തിന്റെ സമുദ്ര സുരക്ഷാ സംവിധാനം വികസിപ്പിക്കുന്നതില്‍ സുപ്രധാന ചുവടുവയ്പ്പാണെന്ന് ചൂണ്ടിക്കാട്ടി.
Adjust Story Font
16

