റോബോട്ടിക് സർജറിയിൽ കുതിച്ച് കുവൈത്ത്; നടത്തിയത് 1,800ലേറെ റോബോട്ടിക് ശസ്ത്രക്രിയകൾ
ഏഴ് സർജിക്കൽ റോബോട്ടുകളുടെ പിന്തുണയോടെ ഗവൺമെന്റ് ആശുപത്രികളിലാണ് റോബോട്ടിക് ശസ്ത്രക്രിയകൾ

കുവൈത്ത് സിറ്റി: റോബോട്ടിക് സർജറിയിൽ മിഡിൽ ഈസ്റ്റിൽ കുവൈത്ത് കുതിക്കുന്നു. 2014-ൽ സബാഹ് അൽഅഹ്‌മദ് കിഡ്‌നി ആൻഡ് യൂറോളജി സെന്ററിൽ ഡാവിഞ്ചി സിസ്റ്റം അവതരിപ്പിച്ചതിനുശേഷം, ഏഴിലധികം സർജിക്കൽ റോബോട്ടുകളുടെ പിന്തുണയോടെ, ഗവൺമെന്റ് ആശുപത്രികളിലായി 1,800-ലധികം റോബോട്ടിക് ശസ്ത്രക്രിയകളാണ് നടത്തിയത്.
ജന്മനാൽ മൂത്രനാളിയിലുള്ള വൈകല്യങ്ങൾ നീക്കംചെയ്യൽ, വൃക്കയിലെ ട്യൂമർ നീക്കംചെയ്യൽ തുടങ്ങി സങ്കീർണമായ നടപടിക്രമങ്ങൾക്ക് റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. രക്തസ്രാവം കുറയൽ, വേദനശമനം, പെട്ടന്നുള്ള രോഗമുക്തി എന്നിവയാണ് റോബോട്ടിക് സർജറിയുടെ പ്രത്യേകത.
വിദൂര ശസ്ത്രക്രിയകളിലും കുവൈത്ത്് ആഗോളവും പ്രാദേശികവുമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ക്രോസ്-ബോർഡർ റോബോട്ടിക് ഭാഗിക പ്രോസ്റ്റെക്ടമി ശസ്ത്രക്രിയ ചൈനയിലെ സർജനുമായി ചേർന്ന് കുവൈത്തിലെ രോഗിയുടേതായിരുന്നു. ഫ്രാൻസ്, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കും കുവൈത്ത് ക്രോസ്-ബോർഡർ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. ആദ്യ യൂറോപ്പ്-മിഡിൽ ഈസ്റ്റ് ക്രോസ്-ബോർഡർ ശസ്ത്രക്രിയ ജൂലൈയിൽ സ്ട്രാസ്ബർഗിലായിരുന്നു. 12,000 കി.മീ ദൈർഘ്യമുള്ള കുവൈത്ത്-ബ്രസീൽ ക്രോസ്-ബോർഡർ ശസ്ത്രക്രിയയിലൂടെ ഏറ്റവും ദൈർഘ്യമേറിയ ശസ്ത്രക്രിയയുടെ ആഗോളറെക്കോർഡും കുവൈത്ത് സ്വന്തമാക്കി. റോബോട്ടിക് ശസ്ത്രക്രിയ വികസിപ്പിക്കുന്നതിൽ 2020 മുതൽ ജാബിർ അൽ-അഹമ്മദ് ആശുപത്രിയാണ് നിർണായക പങ്ക് വഹിച്ചത്. 2020-ൽ ആരംഭിച്ച ശസ്ത്രക്രിയകൾ 2022ലെത്തിയപ്പോൾ 100 കടന്നു.
നൂതനസാങ്കേതിക റോബോട്ടിക് സംവിധാനങ്ങളിൽ ആരോഗ്യമന്ത്രാലയം വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. സാങ്കേതികവിദ്യകൾ പ്രാദേശികവൽകരിക്കുന്നതിനും സ്വയംപര്യാപ്തമാക്കുന്നതിനും മെഡിക്കൽ സ്റ്റാഫുകളെ പരിശീലിപ്പിക്കുന്നതിനാണ് മുൻഗണനയെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാധി പറഞ്ഞു.
ശക്തമായ സാമ്പത്തികസാധ്യതയും ഈ മേഖലയിലുണ്ട്. കുവൈത്തിലെ സർജിക്കൽ റോബോട്ടിക് സിസ്റ്റംസ് വിപണി മൂല്യം 2024 ൽ 38 മില്യൺ യുഎസ് ഡോളറായിരുന്നു, 2030 ആകുമ്പോഴേക്കും 7.9% സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ 59.8 മില്യൺ യുഎസ് ഡോളറായി വളരുമെന്നാണ് പ്രതീക്ഷ.
പരിശീലനം, അറ്റകുറ്റപ്പണി, സോഫ്റ്റ്‌വെയർ എന്നിവ ഉൾക്കൊള്ളുന്ന റോബോട്ടിക് സർജറി സേവന വിപണി 2023-ൽ 5.3 മില്യൺ ഡോളറാണുണ്ടായിരുന്നത്. ഇതിൽ നിന്ന് 2030 ആകുമ്പോഴേക്കും 10 മില്യൺ യുഎസ് ഡോളറായി ഇരട്ടിയാകുമെന്നും പ്രതീക്ഷിക്കുന്നു.
3D വിഷൻ സാങ്കേതികവിദ്യയിലൂടെ മെച്ചപ്പെട്ട മെഡിക്കൽ ഫലങ്ങൾ, കുറഞ്ഞ ആശുപത്രി വാസം, വിദേശ ചികിത്സയെ ആശ്രയിക്കുന്നതിൽ കുറവ്, സ്മാർട്ട് ഹെൽത്ത്കെയറിന്റെ കേന്ദ്രമെന്ന നിലയിൽ ശക്തമായ അന്താരാഷ്ട്ര പ്രശസ്തി എന്നിവ റോബോട്ടിക് സർജറിയുടെ പ്രധാന നേട്ടങ്ങളായി ഉദ്യോഗസ്ഥർ എടുത്തുകാട്ടുന്നു.
Adjust Story Font
16

