മയക്കുമരുന്ന് നിയന്ത്രണം; രണ്ട് അവാർഡുകൾ കരസ്ഥമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
മികച്ച പ്രവർത്തനം, വിവര കൈമാറ്റം എന്നിവക്കാണ് പുരസ്കാരങ്ങൾ

കുവൈത്ത് സിറ്റി: അറബ്, അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് നിയന്ത്രണത്തിന് പ്രധാന പങ്ക് വഹിച്ചതിന് അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ (എഐഎംസി) യുടെ രണ്ട് പുരസ്കാരങ്ങൾ കരസ്ഥമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മികച്ച പ്രവർത്തനം, വിവര കൈമാറ്റം എന്നിവക്കാണ് പുരസ്കാരങ്ങൾ. മയക്കുമരുന്ന് വിരുദ്ധ ഏജൻസികളുടെ തലവന്മാരുടെ 39-ാമത് അറബ് സമ്മേളനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കുവൈത്തിലെ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡയറക്ടറേറ്റിന്റെ മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബാസാർഡിന്റെ അധ്യക്ഷതയിലായിരുന്നു സമ്മേളനം. അറബ് മേഖലയിലെ മയക്കുമരുന്ന് വിരുദ്ധ ഏജൻസികളിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്നവർക്കാണ് എല്ലാ വർഷവും ഈ അവാർഡുകൾ നൽകുന്നത്.
അറബ് മയക്കുമരുന്ന് നിയന്ത്രണ ഏജൻസികൾ, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ക്രിമിനൽ ഇൻഫർമേഷൻ സെന്റർ ഫോർ കോംബാറ്റിംഗ് ഡ്രഗ്സ്, യുനൈറ്റഡ് നേഷൻസ് ഓഫിസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം, യൂറോപ്യൻ യൂനിയൻ എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ആൻഡ് ടെററിസം പ്രോജക്ട്, ഇയു ഡ്രഗ്സ് ഏജൻസി, ഇന്റർനാഷനൽ പ്രൊട്ടക്ഷൻ സെന്റർ എന്നിവയുടെ തലവന്മാർ സമ്മേളനത്തിൽ പങ്കെടുത്തു. മയക്കുമരുന്ന് ഉൽപാദനം, കള്ളക്കടത്ത്, പ്രതിരോധം എന്നിവ സമ്മേളനം ചർച്ച ചെയ്തു.
Adjust Story Font
16

