കുവൈത്ത് ദേശീയവിമോചന ദിനം: ആഘോഷം ജനജീവിതത്തിനും യാത്രക്കും തടസ്സമാകാതിരിക്കാൻ മുൻകരുതൽ
സുരക്ഷക്കായി 8,000 സേനാംഗങ്ങൾ, 900 പട്രോളിങ് സേനാംഗങ്ങൾ

കുവൈത്ത് ദേശീയ–വിമോചന ദിനാഘോഷത്തിന്‍റെ ഭാഗമായി ആഭ്യന്തരമന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടി. ദേശീയ ദിനാഘോഷത്തിന്റെ സുരക്ഷാ നടപടികൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉന്നത മേധാവികളുടെ യോഗം ചേർന്നത്. ദേശീയ ദിനാഘോഷത്തിന്റെ സുരക്ഷക്കായി 8,000 സേനാംഗങ്ങൾ, 900 പട്രോളിങ് സേനാംഗങ്ങൾ, വനിതാ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ചുമതലപ്പെടുത്തി. ആഘോഷങ്ങൾ ജനജീവിതത്തിനും യാത്രാ നീക്കത്തിലും തടസ്സമാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമെതിരെ ഫോം സ്‌പ്രേ ഉപയോഗിക്കുന്നതും കളിത്തോക്ക് ഉപയോഗിച്ച് നിറ ഉതിർക്കുന്നതും കണ്ടാൽ നടപടിയെടുക്കാനാണ് നിർദേശം നൽകി. ദേശീയ അവധി ദിനങ്ങൾ ഉത്തരവാദിത്തത്തോടെ ആഘോഷിക്കണമെന്നും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും അന്തരീക്ഷം വളർത്തിയെടുക്കാൻ നിയമം മാനിക്കണമെന്നും സ്വദേശികളും വിദേശികളുമുൾപ്പെടെ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
അതേസമയം, കുവൈത്തിൽ മാർച്ച് വരെ വാട്ടർ ബലൂൺ വിൽപ്പനയ്ക്ക് വാണിജ്യ വ്യവസായ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി. പൊതു ക്രമസമാധാനം നിലനിർത്തുന്നതിനും ജല ഉപയോഗം നിയന്ത്രിക്കുന്നതിനും ഭാഗമായാണ് ഈ നടപടി. ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് കളിത്തോക്കിലൂടെ വെള്ളം ചീറ്റുന്നതും വാട്ടർ ബലൂൺ വാഹനങ്ങളിലേക്ക് എറിയുന്നതും പതിവാണ്. യാത്രക്കാരും പൊതുജനങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി വാട്ടർ ബലൂൺ വിൽപ്പനയ്ക്ക് അധികൃതർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.
ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് കുട്ടികൾക്ക് വെള്ളം ചീറ്റുന്ന കളിത്തോക്ക് വാങ്ങി നൽകരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും വെള്ളം ചീറ്റൽ കുറയാറില്ല.
ദേശീയ വിമോചന ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 25,26,27 തിയ്യതികൾ പൊതു അവധിയായിരിക്കുമെന്ന് കുവൈത്ത് മന്ത്രിസഭ അറിയിച്ചിരുന്നു. ഗവൺമെൻറ് സ്ഥാപനങ്ങൾക്കാണ് അവധി ബാധകം.
Adjust Story Font
16

