Quantcast

കുവൈത്തിൽ 60 കഴിഞ്ഞവർക്ക് തൊഴിൽ പെർമിറ്റ് പുതുക്കിനൽകില്ലെന്ന തീരുമാനം പുതുതായി എത്തുന്നവർക്ക് മാത്രം ബാധകമാക്കണമെന്ന് ആവശ്യം

വിവിധ മേഖലകളിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള പ്രവാസികളുടെ സേവനം അവസാനിപ്പിക്കേണ്ടി വരുന്നത് തൊഴിൽവിപണിക്ക് കനത്ത നഷ്ടമാണെന്നും തൊഴിലാളികളുടെ സേവനം വിസ്മരിക്കാവുന്നതല്ലെന്നും ചേംബർ ചൂണ്ടിക്കാട്ടി.

MediaOne Logo

Web Desk

  • Published:

    25 Sept 2021 10:55 PM IST

കുവൈത്തിൽ 60 കഴിഞ്ഞവർക്ക് തൊഴിൽ പെർമിറ്റ് പുതുക്കിനൽകില്ലെന്ന തീരുമാനം പുതുതായി എത്തുന്നവർക്ക് മാത്രം ബാധകമാക്കണമെന്ന് ആവശ്യം
X

കുവൈത്തിൽ 60 കഴിഞ്ഞവർക്ക് തൊഴിൽ പെർമിറ്റ് പുതുക്കിനൽകില്ലെന്ന തീരുമാനം പുതുതായി എത്തുന്നവർക്ക് മാത്രം ബാധകമാക്കണമെന്നു അഭ്യർത്ഥന. കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ആണ് സർക്കാരിന് മുന്നിൽ ഇത്തരമൊരു അഭ്യർത്ഥന വെച്ചത്.

വർഷങ്ങളായി രാജ്യത്തുള്ള വിദേശികൾക്ക് ഈ നിബന്ധന ബാധകമാക്കരുതെന്നും ചേംബർ ഓഫ് കൊമേഴ്‌സ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ അഭ്യർത്ഥിച്ചു . വിവിധ മേഖലകളിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള പ്രവാസികളുടെ സേവനം അവസാനിപ്പിക്കേണ്ടി വരുന്നത് തൊഴിൽവിപണിക്ക് കനത്ത നഷ്ടമാണെന്നും തൊഴിലാളികളുടെ സേവനം വിസ്മരിക്കാവുന്നതല്ലെന്നും ചേംബർ ചൂണ്ടിക്കാട്ടി.

അറുപതു വയസുകഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ റെസിഡൻസി പുതുക്കുന്നതിനായി വൻതുക ഏർപ്പെടുത്തിയ നടപടിക്കെതിരെ പാർലിമെന്റ് അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്ന് എംപിമാരായ അദ്‌നാൻ അബ്ദുൽ സമദും ഡോ. മത്തറും സർക്കാരിനോട് ആവശ്യപ്പെട്ടു . അവിദഗ്ധ തൊഴിലാളികളെ പരമാവധി കുറച്ച് രാജ്യത്ത് ജനസംഖ്യാ സന്തുലനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ജനുവരിയിൽ മാൻപവർ അതോറിറ്റി പ്രായപരിധി നിബന്ധന നടപ്പാക്കിയത്.

TAGS :

Next Story