Quantcast

അനധികൃത മദ്യ നിർമാണശാലകൾക്കെതിരെ പരിശോധന ശക്തമാക്കി കുവൈത്ത്

വിഷമദ്യ ദുരന്തത്തിൽ ഇതുവരെ 23 പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാൻ ഇടയുണ്ടെന്നാണ് സൂചനകൾ

MediaOne Logo

Web Desk

  • Published:

    16 Aug 2025 10:18 PM IST

autumn has begun in Kuwait
X

കുവൈത്ത് സിറ്റി: അനധികൃത മദ്യ നിർമാണശാലകൾക്കെതിരെ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കി കുവൈത്ത്. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനയിൽ നിരവധി പ്രവാസികൾ പിടിയിലായി. വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അനധികൃത മദ്യനിർമാണ-വിതരണ ശൃംഖലയ്‌ക്കെതിരെ രാജ്യ വ്യാപക പരിശോധനയുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്. ഫഹാഹീലിലെ അനധികൃത മദ്യശാലയിൽ അഹ്‌മദി സുരക്ഷാ വിഭാഗം റെയ്ഡ് നടത്തി. കേന്ദ്രം നേപ്പാളി വനിതയാണ് നിയന്ത്രിച്ചിരുന്നതെന്ന് അധികൃതർ അറിയിച്ചു. അബു ഹലീഫ മേഖലയിൽ മദ്യവിതരണവുമായി ബന്ധപ്പെട്ട് നിരവധി ഇന്ത്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായാണ് സൂചനകൾ. ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പ്രവാസികളുടെ നില അതീവ ഗുരുതരമാണ്. അധികൃതർ സാഹചര്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത് അനുസരിച്ച് വിഷബാധയേറ്റ് ഇതുവരെ 23 പേരാണ് മരിച്ചിരിക്കുന്നത്. നിലവിൽ 160 ഓളം പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പലരും തീവ്രപരിചരണ വിഭാഗങ്ങളിലാണ് തുടരുന്നത്. എല്ലാ കേസുകളും 24 മണിക്കൂറും വിദഗ്ധ മെഡിക്കൽ സംഘങ്ങളുടെ നിരീക്ഷണത്തിലാണ്.

പലരുടെയും കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്. വൃക്ക തകരാറിനെ തുടർന്ന് പലരെയും അടിയന്തര ഡയാലിസിസിന് വിധേയമാക്കുകയും ചെയ്തു. കൂടുതൽ മലയാളികൾ മരണപ്പെട്ടതായും സൂചനയുണ്ട്, എന്നാൽ ഇത് സംബന്ധമായി ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമല്ല.

മരണപ്പെട്ടവരിൽ ഭൂരിഭാഗവും കൺസ്ട്രക്ഷൻ മേഖലയിലും മറ്റും ജോലി ചെയ്യുന്ന സാധാരണ പ്രവാസികളാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

TAGS :

Next Story