Quantcast

കുവൈത്തിൽ സ്കൂളുകളിൽ മതപരവും രാഷ്ട്രീയപരവുമായ എല്ലാ പ്രവർത്തനങ്ങൾക്കും നിരോധനമേർപ്പെടുത്തും

മതപരം, വിഭാഗീയം, കക്ഷിരാഷ്ട്രീയം എന്നീ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങൾ, പരിപാടികൾ, പ്രവർത്തനങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തും

MediaOne Logo

Web Desk

  • Updated:

    2025-10-13 10:15:51.0

Published:

13 Oct 2025 3:42 PM IST

കുവൈത്തിൽ സ്കൂളുകളിൽ മതപരവും രാഷ്ട്രീയപരവുമായ എല്ലാ പ്രവർത്തനങ്ങൾക്കും നിരോധനമേർപ്പെടുത്തും
X

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ മതപരവും രാഷ്ട്രീയപരവുമായ പ്രവർത്തനങ്ങൾ നിരോധിച്ചു. കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഹമദ് അൽ ഹമദ് സ്കൂളുകളിൽ മതപരമോ രാഷ്ട്രീയപരമോ ആയ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതോ വിഭാഗീയതക്കും കക്ഷിരാഷ്ട്രീയത്തിനും പ്രേരിപ്പിക്കുന്നതോ ആയ എല്ലാ പ്രവർത്തനങ്ങൾക്കും കർശനമായ നിരോധനം ഏർപ്പെടുത്തിക്കൊണ്ടാണ് സർക്കുലർ പുറത്തിറക്കിയത്.

വിദ്യാർഥികളുടെ അച്ചടക്കം, ദേശീയബോധം, കൂടാതെ സ്കൂൾ ദിവസത്തേക്കുള്ള മാനസികവും ശാരീരികവുമായ സന്നദ്ധത എന്നിവ ശക്തിപ്പെടുത്തുന്നതിൽ മോണിങ് അസംബ്ലിക്ക് സുപ്രധാന പങ്കുണ്ടെന്ന് സർക്കുലറിൽ അൽ ഹമദ് പറഞ്ഞു.

മോണിങ് അസംബ്ലികളിലൂടെയും സ്കൂൾ പ്രവർത്തനങ്ങളിലൂടെയും ലക്ഷ്യമിട്ട വിദ്യാഭ്യാസ മുന്നേറ്റങ്ങൾ ഉറപ്പാക്കാനായി, ഒരു കൂട്ടം പ്രത്യേക നടപടികൾ പാലിക്കാൻ അൽ-ഹമദ് എല്ലാ സ്കൂൾ ഭരണകൂടങ്ങൾക്കും നിർദേശം നൽകി

* കാബിനറ്റ് റെസല്യൂഷൻ നമ്പർ 691 (2024) കർശനമായി പാലിക്കുക. ഇതനുസരിച്ച് എല്ലാ പൊതുസ്ഥാപനങ്ങളും, ഏജൻസികളും, ഔദ്യോഗിക പ്രതിനിധി സംഘങ്ങളും കുവൈത്തിനകത്തും പുറത്തും നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ മറ്റു രാജ്യങ്ങളുടെ പതാക ഉയർത്തുകയോ ദേശീയഗാനം ആലപിക്കുകയോ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണം.

* സ്കൂളുകളിലെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ചുള്ള മന്ത്രിതല റെസല്യൂഷൻ നമ്പർ 135 (2025) പാലിക്കുക.

* നന്നായി ആസൂത്രണം ചെയ്ത സ്കൂൾ പ്രവർത്തനങ്ങളുടെ ലക്ഷ്യങ്ങൾ, പ്രവർത്തനരീതികൾ, മാനദണ്ഡങ്ങൾ എന്നിവ വിശദീകരിക്കുന്ന എല്ലാ വിദ്യാഭ്യാസ തലങ്ങൾക്കുമുള്ള പൊതു ബുള്ളറ്റിൻ നമ്പർ 17 നടപ്പിലാക്കുക.

* മതപരമോ വിഭാഗീയമോ കക്ഷിരാഷ്ട്രീയപരമോ ആയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങൾ, പരിപാടികൾ, പ്രവർത്തനങ്ങൾ എന്നിവക്ക് പൂർണ നിരോധനം ഏർപ്പെടുത്തുക.

* പഠന പ്രക്രിയയെ മെച്ചപ്പെടുത്തുന്നതും വിദ്യാർഥികളുടെ കഴിവുകളെയും നൈപുണ്യങ്ങളെയും പരിപോഷിപ്പിക്കുന്നതുമായ വിദ്യാഭ്യാസ സാംസ്കാരിക പരിപാടികൾ മാത്രം സംഘടിപ്പിക്കുക.

* മോണിങ് അസംബ്ലിയിൽ എല്ലാവർക്കും തുല്യമായ പങ്കാളിത്തവും പ്രയോജനവും ഉറപ്പാക്കാൻ, വൈകി വരുന്നവർ ഉൾപ്പെടെ എല്ലാ വിദ്യാർഥികൾക്കും മോണിങ് അസംബ്ലിയിലെ പങ്കാളിത്തം നിർബന്ധമാക്കുക.

* ക്ലാസ്റൂം പഠനത്തിന് അനുബന്ധമായ പാഠ്യേതര പ്രവർത്തനങ്ങളിലെ പങ്കാളിത്തത്തിലൂടെ വിദ്യാർഥികളുടെ ആത്മവിശ്വാസം വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഈ മാർ​ഗനിർദേശങ്ങൾ സ്കൂളുകളിൽ എല്ലാവരെയും ഉൾക്കൊള്ളാനും, വിദ്യാഭ്യാസ അന്തരീക്ഷം നിലനിർത്താനും വിദ്യാർഥികൾക്കിടയിൽ ഐക്യബോധവും ദേശീയബോധവും വളർത്താനും ലക്ഷ്യമിട്ടുള്ളതാണെന്ന് അൽ ഹമദ് പറഞ്ഞു.

TAGS :

Next Story