ഫ്രീലാൻസ്, മൈക്രോ ബിസിനസ് വാണിജ്യ ലൈസൻസ് ചട്ടങ്ങളിൽ മാറ്റം വരുത്താൻ കുവൈത്ത്
സർക്കാർ ജീവനക്കാർ ഉൾപ്പെടെ കൂടുതൽ വിഭാഗങ്ങൾക്ക് ബിസിനസുകൾ സ്വന്തമാക്കാൻ അവസരം നൽകുന്നതാണ് പുതിയ നിർദേശം

കുവൈത്ത് സിറ്റി: ഫ്രീലാൻസ്, മൈക്രോ ബിസിനസുകൾക്കുള്ള വാണിജ്യ ലൈസൻസ് ചട്ടങ്ങളിൽ മാറ്റം വരുത്താൻ കുവൈത്ത് നീക്കം. സർക്കാർ ജീവനക്കാർ ഉൾപ്പെടെ കൂടുതൽ വിഭാഗങ്ങൾക്ക് ഇത്തരം ബിസിനസുകൾ സ്വന്തമാക്കാൻ അവസരം നൽകുന്നതാണ് പുതിയ നിർദേശം. ഉടമസ്ഥതയിലും മാനേജ്‌മെന്റിലും സുതാര്യത ഉറപ്പാക്കാനും ഭേദഗതികൾ ലക്ഷ്യമിടുന്നു.
ഫ്രീലാൻസ്, മൈക്രോ ബിസിനസുകൾക്കുള്ള ലൈസൻസിങ് സംവിധാനം പരിഷ്‌കരിക്കാൻ വാണിജ്യ-വ്യവസായ മന്ത്രാലയം ആലോചിക്കുകയാണ്. നിലവിലെ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള നിർദേശങ്ങൾ മന്ത്രാലയം പരിശോധിച്ചുവരികയാണ്.
പുതിയ നിർദേശമനുസരിച്ച് സർക്കാർ ജീവനക്കാർക്കും ഫ്രീലാൻസ് ബിസിനസ് ലൈസൻസ് എടുക്കാൻ അനുമതി ലഭിച്ചേക്കും. വിരമിച്ചവർക്കും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും നിശ്ചിത വ്യവസ്ഥകളോടെ ലൈസൻസ് അനുവദിച്ചേക്കും. സ്ഥാപന ഉടമയല്ലാത്ത മറ്റൊരു കുവൈത്ത് പൗരനെ ബിസിനസ് മാനേജരായി നിയമിക്കാനും നിർദേശമുണ്ട്. കൺസൾട്ടിങ് ഉൾപ്പെടെയുള്ള ചില പ്രവർത്തനങ്ങൾക്ക് ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത നിർബന്ധമാക്കും.
വ്യാജ ഉടമസ്ഥതയും മറ്റുള്ളവരുടെ പേരിൽ ബിസിനസ് രജിസ്റ്റർ ചെയ്യുന്നതും തടയാനും നടപടി ലക്ഷ്യമിടുന്നു. കുവൈത്ത് വിഷൻ 2035ന്റെ ഭാഗമായി കൂടുതൽ സുതാര്യമായ ബിസിനസ് അന്തരീക്ഷം ഒരുക്കുന്നതിനാണ് നീക്കം. നിർദേശങ്ങൾ നിലവിൽ പഠനഘട്ടത്തിലാണെന്നും അംഗീകാരം ലഭിക്കുന്നതുവരെ നിലവിലെ ചട്ടങ്ങൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

