ആരോഗ്യ മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാൻ കുവൈത്ത്
ഇറക്കുമതി ചെയ്യുന്ന മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും വിപണിയിലെത്തുന്നതിന് മുൻപ് രജിസ്‌ട്രേഷനും വിലയിരുത്തലും നിർബന്ധം

കുവൈത്ത് സിറ്റി: ആരോഗ്യ മേഖലയിൽ കുവൈത്ത് സർക്കാർ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയാണ് മന്ത്രിതല തീരുമാനങ്ങൾ പുറപ്പെടുവിച്ചത്. ഇറക്കുമതി ചെയ്യുന്ന മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും വിപണിയിലെത്തുന്നതിന് മുൻപ് രജിസ്‌ട്രേഷനും വിലയിരുത്തലും നിർബന്ധമാക്കുന്നതാണ് പുതിയ നിയമങ്ങൾ.
മനുഷ്യർ ഉപയോഗിക്കുന്ന എല്ലാ മരുന്നുകളും വിൽപ്പനയ്ക്ക് മുൻപ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണം. സൗന്ദര്യവർധക ഉൽപ്പന്നങ്ങൾക്ക് പ്രത്യേക രജിസ്‌ട്രേഷൻ ചട്ടക്കൂടും അഞ്ച് വർഷത്തെ സർട്ടിഫിക്കറ്റ് സാധുതയും നിശ്ചയിച്ചിട്ടുണ്ട്. ലംഘനങ്ങൾ കണ്ടെത്തിയാൽ രജിസ്‌ട്രേഷൻ താൽക്കാലികമായി നിർത്തുകയോ റദ്ദാക്കുകയോ ചെയ്യാൻ അധികാരികൾക്ക് അധികാരമുണ്ട്.
അതേസമയം, മെഡിക്കൽ, നഴ്‌സിങ്, അനുബന്ധ ആരോഗ്യപ്രവർത്തകരുടെ ലൈസൻസിംഗ് സംവിധാനവും ശക്തിപ്പെടുത്തി. ഇലക്ട്രോണിക് വെരിഫിക്കേഷനും ഡിജിറ്റൽ സംവിധാനങ്ങളും വ്യാപകമാക്കുന്നതിലൂടെ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ വേഗത്തിലാക്കാനാണ് തീരുമാനം.
മരുന്നുകളുടെ സ്വഭാവമനുസരിച്ച് വ്യത്യസ്ത രജിസ്‌ട്രേഷൻ മാർഗങ്ങളും നിർദ്ദിഷ്ട സമയപരിധികളും നിലവിൽ വരും. സർക്കാർ-സ്വകാര്യ മേഖലകളിലെ ആരോഗ്യ സേവനങ്ങളിൽ പ്രൊഫഷണൽ മാനദണ്ഡങ്ങൾ ഉറപ്പാക്കി രോഗികളുടെ സുരക്ഷ സംരക്ഷിക്കുകയാണ് ഈ നടപടികളുടെ ലക്ഷ്യം.
രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമാണ് ഈ നടപടികൾ. അന്താരാഷ്ട്ര മാനദണ്ഡങ്ങളോട് ചേർന്നുള്ള ഈ പരിഷ്‌കാരങ്ങൾ ആരോഗ്യ മേഖലയിലെ പൊതുജനവിശ്വാസം വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Adjust Story Font
16

