ഡിജിറ്റൽ വ്യാപാര നിയമവും ഇൻഫ്‌ളുവൻസർ മാർക്കറ്റിംഗും നിയന്ത്രിക്കാൻ കുവൈത്ത്
മന്ത്രിസഭ അംഗീകരിച്ച ബിൽ ഉടൻ കുവൈത്ത് അമീറിന് സമർപ്പിക്കുമെന്ന് വാണിജ്യവ്യവസായ മന്ത്രി

കുവൈത്ത് സിറ്റി: ഡിജിറ്റൽ വ്യാപാര നിയമവും ഇൻഫ്‌ളുവൻസർ മാർക്കറ്റിംഗും കർശനമായി നിയന്ത്രിക്കാൻ ഒരുങ്ങി കുവൈത്ത്. മന്ത്രിസഭ അംഗീകരിച്ച ബിൽ ഉടൻ കുവൈത്ത് അമീറിന് സമർപ്പിക്കുമെന്ന് വാണിജ്യവ്യവസായ മന്ത്രി ഖലീഫ അൽ-അജിയാൽ അറിയിച്ചു.
ഡിജിറ്റൽ സമ്പദ്വ്യവസ്ഥയ്ക്ക് വ്യക്തവും സുതാര്യവുമായ നിയമ ചട്ടക്കൂട് ഒരുക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. പരസ്യങ്ങൾ ചെയ്യുന്ന സെലിബ്രിറ്റികൾക്കും ഇൻഫ്‌ളുവൻസർമാർക്കും ഇനി മന്ത്രാലയങ്ങളിൽ നിന്ന് ലൈസൻസ് നിർബന്ധമാകും. ഇ-ഇടപാടുകൾ, ഓൺലൈൻ പരസ്യങ്ങൾ, പ്രമോഷണൽ ഉള്ളടക്കം എന്നിവയെ നിയന്ത്രിക്കുന്നതും നിയമത്തിന്റെ ഭാഗമാണ്. ഇൻഫ്‌ളുവൻസർമാരുടെ കരാറുകൾ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് രേഖയായി സൂക്ഷിക്കണം. പരസ്യ പ്രതിഫലം ഔദ്യോഗിക ചാനലുകൾ വഴിയിലൂടെ മാത്രമേ സ്വീകരിക്കാവൂയെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.
ഇൻഫ്‌ളുവൻസർമാരുടെയും കമ്പനികളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇൻഫർമേഷൻ മന്ത്രാലയം പരിശോധിക്കുമെന്നും നിർദേശമുണ്ട്. ഉപഭോക്തൃ അവകാശ സംരക്ഷണവും ഡിജിറ്റൽ വിപണിയിലെ സുതാര്യതയും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പുതിയ ചട്ടങ്ങൾ നടപ്പാക്കാൻ ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് നടപടികൾ തുടരുമെന്ന് അൽ-അജിയാൽ പറഞ്ഞു.
Adjust Story Font
16

