പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ കുവൈത്തിലെ റോഡുകളിൽ വന്‍ തിരക്ക്
ഗതാഗത നിയന്ത്രണത്തിന് ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി നേതൃത്വം നല്‍കി

കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ കുവൈത്തിലെ റോഡുകളിൽ വന്‍ തിരക്ക്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഗതാഗതത്തിന്റെ സുഗമമായ ഒഴുക്ക് നിലനിർത്തുന്നതിനുമായി ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രത്യേക നടപടികൾ പ്രഖ്യാപിച്ചിരുന്നു. സ്കൂൾ പരിസരങ്ങളിലും പ്രധാന റോഡുകളിലുമുള്ള വാഹന തിരക്ക് പരിശോധിച്ച മേജർ ജനറൽ അലി അൽ അദ്വാനി, കൂടുതൽ കർശന നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
ഹൈവേകൾ, കവലകൾ, സ്കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഗതാഗത നിരീക്ഷണം ശക്തമാക്കുന്നതിനും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുമാണ് ഈ നടപടി.
സ്കൂളിന് മുന്നിലെ ക്രമരഹിത പാർക്കിംഗ് തടയാൻ പ്രത്യേക പരിഹാര നടപടികളും നടപ്പിലാക്കിയിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിനും വാഹന തിരക്ക് കുറയ്ക്കുന്നതിനുമാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് അൽ അദ്വാനി വ്യക്തമാക്കി.
രക്ഷിതാക്കളും വിദ്യാർഥികളും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ച് സുരക്ഷിത ഗതാഗതത്തിന് സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്. വിദ്യാർഥി സുരക്ഷയെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും, അധ്യയന വർഷം മുഴുവൻ ഗതാഗത നിരീക്ഷണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
Adjust Story Font
16

