മിന്നൽ പരിശോധന; അൽറായിയിൽ 207 പ്രവാസികൾ അറസ്റ്റിൽ
കുവൈത്തിൽ സുരക്ഷാ കാമ്പയിൻ മുന്നോട്ട്

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ റായി മേഖലയിൽ നടത്തിയ സുരക്ഷാ കാമ്പയിനിൽ പ്രവാസികളായ 207 പേരെ അറസ്റ്റ് ചെയ്തു. ഫർവാനിയ ഗവർണറേറ്റിലെ ക്രിമിനൽ സുരക്ഷാ വിഭാഗത്തിന് കീഴിലുള്ള ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമലംഘകർക്ക് നോട്ടീസ് നൽകുകയും ചെയ്തു. കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം, ഫയർ ഫോഴ്‌സ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുമായി സഹകരിച്ചാണ് കാമ്പയിൻ നടത്തിയത്. അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹാമിദ് മനാഹി അൽ ദവാസിന്റെയും മറ്റ് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിലാണ് കാമ്പയിൻ.
അറസ്റ്റിലായവരിൽ 11 പേർക്കെതിരെ നിലവിൽ കേസുകളുണ്ട്. കൂടാതെ കുവൈത്ത് ഫയർഫോഴ്‌സ് 49 അഗ്നിസുരക്ഷാ നിയമലംഘനങ്ങൾക്ക് നോട്ടീസുകൾ നൽകി. വാണിജ്യ വ്യവസായ മന്ത്രാലയം 59 അറസ്റ്റുകൾ റിപ്പോർട്ട് ചെയ്യുകയും ഒരു കട അടച്ചുപൂട്ടുകയും ചെയ്തു. അതോടൊപ്പം 22 തൊഴിൽ സുരക്ഷാ നോട്ടീസുകൾ നൽകുകയും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നാല് തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സുരക്ഷ ഉറപ്പാക്കാനും നിയമം നടപ്പാക്കാനും വേണ്ടി എല്ലാ ഗവർണറേറ്റിലുമുള്ള വിവിധ അധികാരികളോടൊപ്പം നിന്ന് കാമ്പയിൻ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Adjust Story Font
16

