Quantcast

ഇക്കണ്ടതല്ല ചൂട്; 'വേനൽക്കാലത്തെ തീ' വരുന്നു; കുവൈത്തിൽ ഇന്ന് മുതൽ 13 ദിവസം മിർസം സീസൺ

പകലിന്റെ ദൈർഘ്യം കൂടും

MediaOne Logo

Web Desk

  • Published:

    29 July 2025 12:26 PM IST

Mirzam season starts 13 days from today in kuwait
X

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് മുതൽ 13 ദിവസം മിർസം സീസൺ. സീസണിൽ പകലിന്റെ ദൈർഘ്യം കൂടും. ഉയർന്ന താപനിലകൊണ്ട് ഈ സീസൺ 'ജംറത്തുൽ ഖൈസ്' 'വേനൽക്കാലത്തെ തീ' എന്നാണറിയപ്പെടുന്നത്. ചൊവ്വാഴ്ച കുവൈത്ത് മിർസം എന്നറിയപ്പെടുന്ന വേനൽക്കാലത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമെന്ന് അൽഒജൈരി സയന്റിഫിക് സെന്ററാണ് വ്യക്തമാക്കിയത്. 13 ദിവസം നീണ്ടുനിൽക്കുമെന്നും ഈ സീസണിൽ താപനില വളരെ ഉയർന്നതായിരിക്കുമെന്നും കേന്ദ്രം വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.

വേനൽക്കാലത്തെ പുതിയ ഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് അൽമിർസം. തുടർന്ന് ഈർപ്പം കാരണം അറിയപ്പെടുന്ന 'അൽകുലൈബിൻ', തുടർന്ന് ''സുഹൈൽ' എന്നീ സീസണുകളുണ്ടാകും. അടുത്ത ബുധനാഴ്ച ഈന്തപ്പന വിളവെടുപ്പ് ആരംഭിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

'അൽ-മിർസം' നക്ഷത്രത്തിൽ നിന്നാണ് സീസണ് പേര് ലഭിച്ചതെന്നും അധികൃതർ വിശദീകരിച്ചു. ജ്യോതിശാസ്ത്രപരമായി ''സിറിയസ്'' എന്നറിയപ്പെടുന്നതാണ് ഈ നക്ഷത്രം. ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായാണ് ഇത് അറിയപ്പെടുന്നത്.

തിങ്കളാഴ്ച ഏറ്റവും ഉയർന്ന താപനില ജഹ്റയിൽ, 52°C; കുറഞ്ഞ താപനില ഉമ്മുൽ മറാദിം ദ്വീപിൽ, 39°

തിങ്കളാഴ്ച കുവൈത്തിലെ ഏറ്റവും ഉയർന്ന താപനില ജഹ്റയിൽ രേഖപ്പെടുത്തി, 52°C ആണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. അബ്ദാലി, മതർബ എന്നിവിടങ്ങളിൽ 51°C താപനിലയും രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉമ്മുൽ മറാദിം ദ്വീപിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 39°C ആണ് ഇവിടുത്തെ താപനില.

ഉഷ്ണതരംഗം തുടരുമെന്നും ചൊവ്വാഴ്ച താപനില 50°C വരെ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. തീരദേശ പ്രദേശങ്ങളിൽ ഈർപ്പം കൂടുതലായി അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് താമസക്കാർക്ക് അസ്വസ്ഥത വർധിപ്പിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ചൂടാണ്, ശ്രദ്ധിച്ച് വൈദ്യുതി ഉപയോഗിക്കാം, ജീവൻ രക്ഷിക്കാം...; മുന്നറിയിപ്പുമായി കുവൈത്ത് ഫയർഫോഴ്‌സ്

വേനൽക്കാലത്ത് ചൂട് കൂടിയ സാഹചര്യത്തിൽ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് പബ്ലിക് ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് മുന്നറിയിപ്പ് നൽകി. വൈദ്യുത ഔട്ട്ലെറ്റുകൾ ഓവർലോഡ് ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ ഓർമിപ്പിച്ചു. ഒന്നിലധികം ഉയർന്ന വൈദ്യുതി ഉപഭോഗ ഉപകരണങ്ങൾ ഒരൊറ്റ സോക്കറ്റിലേക്ക് ബന്ധിപ്പിക്കുന്നത് വയറിംഗ് അമിതമായി ചൂടാകുന്നതിനും ജീവന് ഭീഷണിയായേക്കാവുന്ന തീപിടിത്തങ്ങൾക്കും കാരണമാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന സർട്ടിഫൈഡ് ഇലക്ട്രിക്കൽ കണക്ടറുകൾ ഉപയോഗിക്കാനും വയറുകളിലും പ്ലഗുകളിലും കേടുപാടുകൾ ഉണ്ടോയെന്ന് പതിവായി പരിശോധിക്കാനും താമസക്കാരോട് വകുപ്പ് നിർദേശിച്ചു. വൈദ്യുത ലോഡ് കുറയ്ക്കുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനും ഉപയോഗിക്കാത്ത ഉപകരണങ്ങൾ പ്ലഗ് ഓഫ് ചെയ്യണം, പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. കുവൈത്തിലുടനീളം താപനില അപകടകരമായ നിലയിൽ തുടരുന്നതിനാൽ അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

TAGS :

Next Story