സർക്കാർ പ്രതിനിധികൾ പങ്കെടുത്തില്ല; കുവൈത്തില്‍ ദേശീയ അസംബ്ലി സമ്മേളനം മാറ്റിവെച്ചു
സർക്കാറിന്റെ രാജിപ്രഖ്യാപനം വന്നതിന് ശേഷം ഇത് നാലാം തവണയാണ് ദേശീയ അസംബ്ലി സമ്മേളനം മാറ്റിവെക്കുന്നത്

കുവൈത്തില്‍ സർക്കാർ പ്രതിനിധികൾ ആരും പങ്കെടുക്കാത്തതിനാൽ ദേശീയ അസംബ്ലി സമ്മേളനം മാറ്റിവെച്ചു. ചൊവ്വാഴ്ച സഭാ നടപടികൾ ആരംഭിച്ചതിന് പിറകെ സ്പീക്കർ അഹ്മദ് അൽ സദൂൻ സമ്മേളനം മാറ്റിവെക്കുന്നതായി അറിയിക്കുകയായിരുന്നു.
പാര്‍ലിമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നില്ലെന്ന സർക്കാർ നിർദേശം നഗരവികസന സഹമന്ത്രി അമ്മാർ അൽ അജ്മി അറിയിച്ചതിനെ തുടര്‍ന്നാണ് ദേശീയ അസംബ്ലി സമ്മേളനം മാറ്റിവെച്ചതെന്ന് സ്പീക്കർ അഹ്മദ് അൽ സദൂൻ അറിയിച്ചു. അടുത്ത സമ്മേളന തിയതി സ്പീക്കർ അറിയിച്ചിട്ടില്ല. സർക്കാറിന്റെ രാജിപ്രഖ്യാപനം വന്നതിന് ശേഷം ഇത് നാലാം തവണയാണ് ദേശീയ അസംബ്ലി സമ്മേളനം മാറ്റിവെക്കുന്നത്.
അവസാനം സമ്മേളനം വിളിച്ച ഫെബ്രുവരി 21, 22 തിയതികളിലും സർക്കാർ വിട്ടുനിന്നിരുന്നു. തുടർന്നാണ് സമ്മേളനം മാർച്ച് ഏഴ്,എട്ട് തിയതികളിലേക്ക് മാറ്റിയത്. ജനുവരി 25 ന് പ്രധാന മന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, മന്ത്രിസഭയുടെ രാജി പ്രഖ്യാപിച്ചതിന് പിറകെയാണ് സർക്കാറിന്റെ പിൻമാറ്റം. അതേസമയം, ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനെ വീണ്ടും പ്രധാനമന്ത്രിയായി അമീർ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. മന്ത്രിസഭാ അംഗങ്ങളെ വൈകാതെ തീരുമാനിക്കുമെന്നാണ് സൂചനകള്‍.
Adjust Story Font
16

