പോകേണ്ട...! കുവൈത്തിൽ യാത്രാ വിലക്ക് നേരിട്ടത് ഏകദേശം 4,000 പേർ
2025 ജനുവരി ഒന്നിനും ജൂലൈ 31 നും ഇടയിലാണ് പ്രവാസികളും പൗരന്മാരും നടപടി നേരിട്ടത്

കുവൈത്ത് സിറ്റി: 2025 ജനുവരി ഒന്നിനും ജൂലൈ 31 നും ഇടയിൽ കുവൈത്തിൽ ഏകദേശം 4,000 പേർ യാത്രാ വിലക്ക് നേരിട്ടു. നീതിന്യായ മന്ത്രാലയത്തിലെ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് റിസർച്ച് വകുപ്പ് പുറത്തിറക്കിയ സമീപകാല സ്ഥിതിവിവരക്കണക്ക് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
റിപ്പോർട്ട് അനുസരിച്ച്, ഈ ഏഴ് മാസത്തിനിടെ പൗരന്മാരും പ്രവാസികളുമടക്കമുള്ളവർക്കെതിരെയാണ് എൻഫോഴ്സ്മെന്റ് വകുപ്പ് യാത്രാ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചത്.
അതേസമയം, 21,539 യാത്രാ നിരോധനം പിൻവലിക്കൽ ഉത്തരവുകളും വകുപ്പ് പുറപ്പെടുവിച്ചു. നിരവധി കേസുകൾ പരിഹരിച്ചതായാണ് ഇത് വ്യക്തമാക്കുന്നത്. കടക്കാർക്കെതിരെ 12,325 അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചതായും റിപ്പോർട്ട് പറയുന്നു.
അതേസമയം, യാത്രാ നിരോധനത്തിനുള്ള അപേക്ഷകൾ 42,662 കേസുകളിൽ എത്തി. കുടുംബതർക്കങ്ങളുമായി ബന്ധപ്പെട്ട് കുടുംബ കോടതി 2,398 യാത്രാ നിരോധന ഉത്തരവുകൾ രജിസ്റ്റർ ചെയ്തു, 1,262 യാത്ര വിലക്കുകൾ ഒഴിവാക്കി.
ജീവനാംശം അടയ്ക്കാതിരിക്കൽ, ചെക്കുകൾ ബൗൺസ് ചെയ്യൽ, ബാങ്ക് വായ്പ കുടിശ്ശിക, മൊബൈൽ ഫോൺ ബില്ലുകൾ അടയ്ക്കാതിരിക്കൽ, ഇൻസ്റ്റാൾമെൻറ് അടയ്ക്കാതിരിക്കൽ, വാടക തർക്കങ്ങൾ, വൈദ്യുതി ബില്ലുകൾ എന്നിവയാണ് യാത്രാ വിലക്കിലേക്ക് നയിക്കുന്ന സ്ഥിരം കാരണങ്ങളെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.
Adjust Story Font
16

