Quantcast

കുവൈത്ത് ഗതാഗത നിയമങ്ങളിൽ പുതിയ ഭേദഗതികൾ; സർക്കാർ ഉത്തരവ് പുറത്തിറങ്ങി

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും റോഡുകളിൽ കർശന അച്ചടക്കം നടപ്പാക്കാനുമാണ് പുതിയ ഭേദഗതികൾ ലക്ഷ്യമിടുന്നത്.

MediaOne Logo

Web Desk

  • Published:

    20 Jan 2025 8:22 PM IST

കുവൈത്ത് ഗതാഗത നിയമങ്ങളിൽ പുതിയ ഭേദഗതികൾ; സർക്കാർ ഉത്തരവ് പുറത്തിറങ്ങി
X

കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാർ ഗതാഗത നിയമങ്ങളിൽ ഭേദഗതികൾ വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. പുതുക്കിയ ഗതാഗത നിയമങ്ങൾ അനുസരിച്ച്, വാഹന ലൈസൻസുകൾ, അനുവദനീയമായ വാഹനങ്ങളുടെ എണ്ണം, ഗതാഗത ലംഘനങ്ങൾക്കുള്ള പിഴ എന്നിവയിൽ പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വാഹനത്തിൽ അമിത ശബ്ദം ഉണ്ടാക്കൽ, വാഹനാപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടൽ, റോഡിൽ വാഹനം ഉപേക്ഷിക്കൽ എന്നിവ കുറ്റകരമായ പ്രവൃത്തികളായി കണക്കാക്കും. ലൈസൻസ് ലഭിച്ച് ആദ്യ വർഷത്തിനുള്ളിൽ രണ്ട് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് താൽക്കാലികമായി റദ്ദാക്കും. സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ മൂന്ന് മാസം വരെ തടവും 150 മുതൽ 300 ദിനാർ വരെ പിഴയും ചുമത്തും. വാഹനാപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവർക്ക് മൂന്ന് മാസം തടവും 150 ദിനാർ പിഴയും ലഭിക്കും. അശ്രദ്ധമായോ നിയന്ത്രണാതീതമായോ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ ഒരു വർഷത്തിൽ കൂടുതൽ തടവും 3,000 ദിനാർ വരെ പിഴയും ചുമത്തും. ബ്രേക്കില്ലാതെ വാഹനം ഓടിക്കുന്നതിന് രണ്ട് മാസം തടവും 200 ദിനാർ വരെ പിഴയും ലഭിക്കും. നടപ്പാതയിൽ വാഹനം ഓടിച്ചാൽ ഒരു മാസം തടവും 100 ദിനാർ വരെ പിഴ ചുമത്തും. ആവശ്യമായ ലൈറ്റുകൾ ഓണാക്കാതെ വാഹനം ഓടിച്ചാല്‍ 45 മുതൽ 75 ദിനാർ വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു

പൊലീസ്, ആംബുലൻസുകൾ, ഫയർ ട്രക്കുകൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ, ഔദ്യോഗിക വാഹനവ്യൂഹങ്ങൾ എന്നിവക്ക് വഴിമാറാതിരിക്കുന്നതും, പിന്തുടരുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പുതിയ ട്രാഫിക് നിയമങ്ങള്‍ രാജ്യത്തെ ഗതാഗത സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story