കുവൈത്തിൽ വസ്തു ഉടമകളായ പ്രവാസികൾക്കും വിദേശ നിക്ഷേപകർക്കും ചിപ്പ് ഘടിപ്പിച്ച സിവിൽ ഐഡി കാർഡുകൾ
വസ്തു ഉടമകളായ പ്രവാസികൾക്ക് 10 വർഷവും വിദേശ നിക്ഷേപകർക്ക് 15 വർഷവും കാലാവധിയുള്ള ഐഡികൾ

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസിക്കുന്ന നിശ്ചിത വിഭാഗം പ്രവാസികൾക്കായി ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച പുതിയ സിവിൽ ഐഡി കാർഡുകൾ പുറത്തിറക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കുവൈത്തിൽ സ്വന്തമായി വസ്തുവകകൾ ഉള്ള പ്രവാസികൾക്കും, നിക്ഷേപക നിയമപ്രകാരം കുവൈത്തിൽ നിക്ഷേപം നടത്തിയിട്ടുള്ള വിദേശികൾക്കുമാണ് പുതിയ ചിപ്പ് ഘടിപ്പിച്ച കാർഡുകൾ ലഭിക്കുക.
വസ്തു ഉടമകളായ പ്രവാസികൾക്ക് 10 വർഷം കാലാവധിയുള്ള സിവിൽ ഐഡിയും, വിദേശ നിക്ഷേപകർക്ക് 15 വർഷം കാലാവധിയുള്ള സിവിൽ ഐഡിയുമാണ് അനുവദിക്കുക. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും കൃത്യമായി പരിശോധിക്കാനും പുതിയ നിയമം സഹായിക്കും. കാർഡിലെ വിവരങ്ങൾ പരിഷ്കരിക്കാനും ചിപ്പിലെ ഡാറ്റാ ഘടനയിൽ മാറ്റങ്ങൾ വരുത്താനുമുള്ള അധികാരം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡയറക്ടർ ജനറലിനായിരിക്കും. നിലവിലുള്ള സിവിൽ ഐഡി നിയമങ്ങൾ ഈ പുതിയ തീരുമാനത്തോടൊപ്പം തന്നെ തുടർന്നും പ്രാബല്യത്തിലുണ്ടാകും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
Adjust Story Font
16

