കുവൈത്തിൽ സെലിബ്രിറ്റി, ഇൻഫ്‌ളുവൻസർ പരസ്യങ്ങൾ നിയന്ത്രിക്കാൻ പുതിയ നിയമം; ലൈസൻസ് നിർബന്ധമാക്കും
പുതിയ മീഡിയാ നിയമപ്രകാരം സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

കുവൈത്ത് സിറ്റി: സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസർമാരുടെയും പരസ്യങ്ങൾ വഴിയുള്ള തട്ടിപ്പുകൾക്ക് കടിഞ്ഞാണിടാൻ കുവൈത്ത് സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. പുതിയ മീഡിയാ നിയമപ്രകാരം സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വിവര, വാണിജ്യ, വ്യവസായ മന്ത്രാലയങ്ങളിൽ നിന്ന് വ്യക്തിഗത പരസ്യങ്ങൾക്കായി ലൈസൻസ് നേടേണ്ടത് നിർബന്ധമാകും.
പുതിയ മീഡിയാ നിയമത്തിൽ പരസ്യ സംവിധാനത്തെക്കുറിച്ചും സെലിബ്രിറ്റികൾക്കും ഇൻഫ്‌ളുവൻസർമാർക്കും പരസ്യ ലൈസൻസ് നേടാനുള്ള വ്യവസ്ഥകളെക്കുറിച്ചുമുള്ള രണ്ട് അധ്യായങ്ങളുണ്ട്. നിയമത്തിന്റെ കരട് ലീഗൽ അഡൈ്വസ് ആൻഡ് ലെജിസ്ലേഷൻ ഡിപ്പാർട്ട്മെന്റിന്റെ അന്തിമഘട്ടത്തിലാണ്. ഉടൻ തന്നെ ഇത് മന്ത്രിസഭയ്ക്ക് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെലിബ്രിറ്റികളുടെയും കമ്പനികളുടെയും പരസ്യങ്ങൾക്കായുള്ള മാർഗ്ഗരേഖ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. എല്ലാവർക്കും തുല്യനീതി ഉറപ്പാക്കിയും ഉപഭോക്താക്കളുടെ അവകാശങ്ങളെ ബാധിക്കാതെയും നിയമപരവും വാണിജ്യപരവുമായ വ്യവസ്ഥകൾ അനുസരിച്ച് ഓരോരുത്തർക്കും അവരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടാകും.
പുതിയ നിർദ്ദേശങ്ങളിലൊന്ന്, ഇൻഫ്‌ലുവൻസർമാർ, സെലിബ്രിറ്റികൾ, പരസ്യം നൽകുന്ന കമ്പനികൾ എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിവര മന്ത്രാലയം പരിശോധിക്കണമെന്നതാണ്. വിവര, വാണിജ്യ, വ്യവസായ മന്ത്രാലയങ്ങൾ ഈ വിഷയത്തിൽ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. നിയമം പ്രാബല്യത്തിൽ വരുമ്പോൾ, നിലവിലുള്ളവർക്ക് അവരുടെ നില ശരിയാക്കുന്നതിന് ഒരു നിശ്ചിത സമയം അനുവദിക്കും. നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
പരസ്യം ചെയ്യുന്ന ഉൽപ്പന്നത്തിനോ സേവനത്തിനോ ലൈസൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തുക എന്നത് പ്രധാന നിർദ്ദേശങ്ങളിൽ ഒന്നാണ്. ഉദാഹരണത്തിന്, മരുന്നുകൾക്ക് പരസ്യം നൽകുന്നവർ ആരോഗ്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. അതുപോലെ, റിയൽ എസ്റ്റേറ്റ് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നവർ വാണിജ്യ, വ്യവസായ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടിയിരിക്കണം.
തെറ്റിദ്ധാരണയുണ്ടാക്കുന്നതും വ്യാജവുമായ പരസ്യങ്ങൾ കാരണം നിരവധി ഉപഭോക്താക്കൾക്ക് തട്ടിപ്പുകൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും, ഇത് കോടതി വ്യവഹാരങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. പുതിയ നിയമം ദൃശ്യ, അച്ചടി, രേഖാമൂലമുള്ള എല്ലാ പരസ്യങ്ങൾക്കും ബാധകമാകും. പരസ്യങ്ങൾ നിരീക്ഷിക്കാനുള്ള പൂർണ്ണ അധികാരം വിവര മന്ത്രാലയത്തിനായിരിക്കും. നിയമലംഘനമുണ്ടായാൽ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
പുതിയ നിയമം നടപ്പിലാകുമ്പോൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വെരിഫൈ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ഇങ്ങനെയായിരിക്കും:
- അക്കൗണ്ട് വെരിഫിക്കേഷനായി വിവര മന്ത്രാലയത്തിന് ഇലക്ട്രോണിക് അപേക്ഷ സമർപ്പിക്കുക. അക്കൗണ്ടിന്റെ പേരും വ്യക്തിഗത വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തണം.
- സോഷ്യൽ മീഡിയയിലെ വാണിജ്യ പരസ്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും നിയമപ്രകാരം സമർപ്പിക്കുമെന്ന് രേഖാമൂലം പ്രഖ്യാപനത്തിൽ ഒപ്പുവെക്കുക.
ഏതൊക്കെ അക്കൗണ്ടുകളാണ് നിയമത്തിന്റെ പരിധിയിൽ വരിക എന്ന ചോദ്യത്തിന്, സ്വാധീനമുള്ളതും വലിയ പ്രേക്ഷകരിലേക്ക് എത്താൻ കഴിയുന്നതുമായ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പുതിയ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.
Adjust Story Font
16

