Quantcast

കുവൈത്തിൽ ഇന്ന് മുതൽ പ്രവാസികൾക്ക് പുതിയ താമസ നിയമം; വിസ, തൊഴിൽ നിയമം, ജനന രജിസ്ട്രേഷൻ എന്നിവയിൽ ഭേദ​ഗതി

വിദേശ നിക്ഷേപകർക്കായി പുതിയ റെസിഡൻസ് എൻട്രി വിസ

MediaOne Logo

Web Desk

  • Published:

    23 Dec 2025 4:28 PM IST

New residency law for expatriates in Kuwait from today; Amendments to visa, labor law, and birth registration
X

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് മുതൽ പ്രവാസികളുടെ താമസവുമായി ബന്ധപ്പെട്ട പുതിയ നിർവഹണ ചട്ടങ്ങൾ നിലവിൽ വരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 2025-ലെ മന്ത്രിസഭാ തീരുമാനം 2249 പ്രകാരമാണ് പുതിയ നിയമങ്ങൾ നടപ്പാക്കുന്നത്. ഇതനുസരിച്ച് പ്രവാസികളുടെ താമസം, എൻട്രി-വിസിറ്റ് വിസകൾ, ഗാർഹിക തൊഴിലാളികൾ, വിദേശ നിക്ഷേപകർ, പുതിയ ജനന രജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളാണ് പുതുക്കിയിരിക്കുന്നത്.

പുതുക്കിയ നിയമമനുസരിച്ച് എല്ലാ എൻട്രി വിസകളും വിസിറ്റ് വിസകളും ഒരു മാസത്തിന് 10 കുവൈത്തി ദിനാർ ഫീസ് ഏർപ്പെടുത്തി ഏകീകരിച്ചു. ആർട്ടിക്കിൾ 20 പ്രകാരം താമസ പെർമിറ്റ് കൈവശമുള്ള ഗാർഹിക തൊഴിലാളികൾക്ക് നാല് മാസത്തിൽ കൂടാത്ത കാലയളവ് കുവൈത്തിന് പുറത്ത് തുടരാൻ അനുവാദമുണ്ടെന്നും ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, സ്പോൺസർ ഔദ്യോഗിക എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കാതെ ഈ കാലയളവ് കവിഞ്ഞാൽ താമസ പെർമിറ്റ് റദ്ദാക്കപ്പെടും. നിയമം നിലവിൽ വരുന്നതിന് മുമ്പ് പുറത്തുപോയവർക്ക് ഈ വ്യവസ്ഥ ബാധകമായിരിക്കില്ല.

നിയമത്തിലെ മറ്റൊരു പ്രധാന വ്യവസ്ഥ പ്രവാസികളുടെ കുട്ടികളുടെ ജനന രജിസ്ട്രേഷനുമായി ബന്ധപ്പെട്ടതാണ്. കുഞ്ഞുങ്ങളെ ജനനത്തിന് ശേഷം 4 മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം. കാലയളവ് അവസാനിച്ചതിന് ശേഷം, ആദ്യ മാസത്തേക്ക് പ്രതിദിനം 2 കുവൈത്ത് ദിനാർ പിഴ ചുമത്തും. അതിനുശേഷം രജിസ്ട്രേഷൻ പൂർത്തിയാകുന്നതുവരെ പ്രതിദിനം 4 കുവൈത്ത് ദിനാർ ആയി പിഴ വർധിക്കും. പുതിയ നിബന്ധന പ്രകാരം ഗാർഹിക തൊഴിലാളികൾക്കും സമാന വിഭാഗങ്ങൾക്കും വിസ നൽകുന്നതിന് പ്രായം 21-ന് താഴെയോ 60-ന് മുകളിലോ ആകരുത്. തൊഴിലാളിയുടെ അഭ്യർത്ഥന പ്രകാരം മാത്രമേ വിസ നൽകൂ.

കൂടാതെ, വിദേശ നിക്ഷേപകർക്കായി പുതിയ റെസിഡൻസ് എൻട്രി വിസയും ചട്ടങ്ങൾ അവതരിപ്പിക്കുന്നു. 2013 ലെ നിയമം നമ്പർ 116 അനുസരിച്ച് കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിയുടെ (കെഡിഐപിഎ) അഭ്യർത്ഥന പ്രകാരമാണ് ഇത് നൽകുക. യോഗ്യരായ വിദേശ നിക്ഷേപകർക്ക് 15 വർഷം വരെ സാധാരണ താമസ പെർമിറ്റ് അനുവദിക്കാം. പുതിയ ചട്ടങ്ങൾ ഭരണപരമായ സുതാര്യത, ക്രമീകരണം, നിയമപരമായ ഏകീകരണം എന്നിവ ലക്ഷ്യമിട്ടാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story