നോർക്ക കെയർ ഇൻഷുറൻസ് പരിരക്ഷ - കല കുവൈത്തിന്റെ രജിസ്ട്രേഷൻ ക്യാമ്പയിൻ പുരോഗമിക്കുന്നു
"ബൾക്ക് എൻറോൾമെൻറ്" സംവിധാനം ഉപയോഗപ്പെടുത്തിയാണ് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്

കുവൈത്ത് സിറ്റി: പ്രവാസികളായ കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ - അപകട ഇൻഷുറൻസ് പദ്ധതിയായ "നോർക്ക കെയർ" പദ്ധതിയിൽ ചേരാൻ താത്പര്യപ്പെടുന്നവർക്കായുള്ള കല കുവൈറ്റ് രജിസ്ട്രേഷൻ ക്യാമ്പയിൻ പുരോഗമിക്കുന്നു. "ബൾക്ക് എൻറോൾമെൻറ്" സംവിധാനം ഉപയോഗപ്പെടുത്തിയാണ് കല കുവൈത്ത് നാല് മേഖലകളിലായി രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.
കേരളസർക്കാരിന്റെ സമഗ്ര ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് പ്രാഥമിക പോളിസി ഉടമക്ക് സാധുതയുള്ള നോർക്ക ഐ ഡി കാർഡ് ഉണ്ടായിരിക്കണം. കാലാവധിയുള്ള നോർക്ക ഐ ഡി കാർഡ് ഉള്ളവരും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുവാൻ താത്പര്യപ്പെടുന്നവരുമായ പ്രാഥമിക അപേക്ഷക / അപേക്ഷകൻ, നോർക്ക ID കാർഡിന്റെ കോപ്പിയോടൊപ്പം പദ്ധതിയിൽ ചേർക്കേണ്ട കുടുംബാംഗങ്ങളുടെ രേഖയുടെ കോപ്പി, അതായത് ആധാർ / പാസ്പോർട്ട് / ജനനസർട്ടിഫിക്കറ്റ് അല്ലെങ്കിൽ മറ്റു അനുവദനീയമായ രേഖകളിൽ ഏതെങ്കിലുമൊന്നുമായി കല കുവൈറ്റിന്റെ അബ്ബാസിയ, അബുഹലീഫ, സാൽമിയ, ഫഹാഹീൽ എന്നിവയിലേതെങ്കിലും ഒരു സെന്ററുമായി സമീപിച്ചാൽ രജിസ്ട്രേഷനുള്ള സൗകര്യം ലഭിക്കുന്നതാണ്. രേഖകൾ നേരിട്ട് കൈമാറാൻ ബുദ്ധിമുട്ടുള്ളവർക്ക് norkacarekalakuwait@gmail.com എന്ന വിലാസത്തിൽ രേഖകൾ അയച്ചുകൊടുക്കാവുന്നതാണ്.
നോർക്ക റൂട്സിന്റെ നോർക്ക ഐ ഡി കാർഡിന് ഇതുവരെ അപേക്ഷിക്കാത്തവർ, ഐ ഡി കാർഡ് മൂന്നു വർഷത്തെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവർ എന്നിവർക്കും കല കുവൈത്തിന്റെ മേഖല ഓഫീസുകളുമായോ, യൂണിറ്റിന്റെ ചുമതലക്കാരുമായോ ബന്ധപ്പെട്ടാൽ ഇതിനുള്ള അവസരം ലഭ്യമാകും. രജിസ്ട്രേഷൻ ആരംഭിച്ചത് തൊട്ട് ഇതുവരെയായി നൂറുകണക്കിന് ആളുകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16

