Quantcast

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പുമായി അധികൃതർ

പ്രശസ്ത ബ്രാൻഡുകളെ അനുകരിച്ച് തട്ടിപ്പുകാർ നിരവധി പേരെയാണ് കബളിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    1 Aug 2025 11:19 PM IST

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പുമായി അധികൃതർ
X

കുവൈത്ത് സിറ്റി: കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പൗരന്മാരും പ്രവാസികളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. സാമൂഹികമാധ്യമങ്ങളിലൂടെയും അപരിചിത പ്ലാറ്റ്‌ഫോമുകളിലൂടെയും വരുന്ന പ്രമോഷനൽ ഓഫറുകൾ പരിശോധിച്ചുറപ്പിക്കാതെ വിശ്വസിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.

വ്യാജ എയർലൈൻ ഓഫറുകൾ, സൗജന്യ സമ്മാനങ്ങൾ, ഇരട്ട ലാഭം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ തട്ടിപ്പുകൾ എന്നിവ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതായും അധികൃതർ മുന്നറിയിപ്പ് നൽകി. നിർമിത ബുദ്ധിയുപയോഗിച്ചുള്ള ചിത്രങ്ങൾ, ട്രെൻഡിങ് ഹാഷ്‌ടാഗുകൾ ഉപയോഗിച്ചും പ്രശസ്ത ബ്രാൻഡുകളെ അനുകരിച്ചും തട്ടിപ്പുകാർ നിരവധി പേരെയാണ് കബളിപ്പിക്കുന്നത്. കുവൈത്ത് എയർവേയ്‌സ്, ജസിറ എയർവേയ്‌സ് എന്നീ കമ്പനികളുടെ പേരിൽ വ്യാജ വെബ്‌സൈറ്റുകൾ സൃഷ്ടിച്ച് ഉപയോക്താക്കളിൽ നിന്ന് ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഔദ്യോഗികമായി തോന്നുന്ന ലോഗോകളും ഡിസൈനുകളും ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.

സന്ദേശങ്ങൾക്കും ലിങ്കുകൾക്കും ക്ലിക്കുചെയ്യുന്നതിനുമുമ്പ് പരിശോധിക്കണമെന്നും സംശയമുണ്ടെങ്കിൽ ഔദ്യോഗിക വെബ്‌സൈറ്റുകൾ മാത്രം സന്ദർശിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. വേനൽക്കാല യാത്രകളുടെ സീസണിൽ തട്ടിപ്പുകൾ കൂടുതൽ സജീവമാകുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകിയത്. സാമൂഹികമാധ്യമങ്ങളിലൂടെയോ, അപരിചിത പ്ലാറ്റ്‌ഫോമുകളിലൂടെയോ വരുന്ന പ്രമോഷനൽ ഓഫറുകൾ പൂര്‍ണമായി പരിശോധിച്ചുറപ്പിക്കാതെ വിശ്വസിക്കരുതെന്നും ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കെതിരെ ബോധവത്കരണം നടത്തുന്നതായും മന്ത്രാലയം അറിയിച്ചു.

TAGS :

Next Story