സിവിൽ ഐഡി അഡ്രസ്സുകൾ റദ്ദാക്കൽ ശക്തമാക്കി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ
ആയിരക്കണക്കിന് ആളുകളുടെ മേൽവിലാസങ്ങൾ റദ്ദാക്കി

കുവൈത്ത് സിറ്റി: സിവിൽ ഐഡി അഡ്രസ്സുകൾ റദ്ദാക്കൽ ശക്തമാക്കി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നും താമസക്കാർ വീട് മാറിയതായി ഉടമകൾ നൽകിയ വിവരങ്ങൾ അനുസരിച്ചുമാണ് നടപടി സ്വീകരിക്കുന്നത്. ഇത് വരെയായി ആയിരക്കണക്കിന് ആളുകളുടെ മേൽവിലാസങ്ങളാണ് റദ്ദാക്കിയത്. വാടക കരാറുകളുടെ കാലാവധി കഴിഞ്ഞതിനെ തുടർന്നും കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നും ഉടമകൾ നൽകിയ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് നടപടി സ്വീകരിക്കുന്നത്.
ഇത്തരത്തിൽ രേഖകൾ നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനകം പാസി ഓഫിസ് സന്ദർശിച്ച് പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. കൃത്യമായ രേഖകൾ ഉള്ളവർക്ക് സഹ്ൽ ആപ്പ് വഴി വിലാസം അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യവും നിലവിലുണ്ട്. എന്നാൽ ബാച്ചിലറായി താമസിക്കുന്ന സാധാരണ പ്രവാസികൾക്കു വിലാസം അപ്ഡേറ്റ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടായിട്ടുണ്ട്.
കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പ്രവാസികൾക്കും സ്വന്തം പേരിൽ ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കാൻ സാധിക്കാത്തവരാണ്. അതിനിടെ ഈ പ്രതിസന്ധി ചൂഷണം ചെയ്ത് തട്ടിപ്പ് സംഘങ്ങൾ നിരവധി വരെ പറ്റിച്ചതായും വാർത്തകളുണ്ട്.
ഫ്‌ളാറ്റ് കെയർടേക്കർമാർ നേതൃത്വം നൽകുന്ന ഇത്തരം തട്ടിപ്പ് സംഘം, അഡ്രസ് ശരിയാക്കാമെന്ന് വാഗ്ദാനം നൽകി ആവശ്യക്കാരിൽ നിന്നും 70 മുതൽ 150 ദിനാർ വരെയാണ് ഈടാക്കുന്നത്. എന്നാൽ വാടക കരാർ മറ്റു പേരിൽ മാറ്റുന്ന സാഹചര്യത്തിൽ പഴയ വാടക കരാറിൽ രജിസ്റ്റർ ചെയ്തവരുടെ വിലാസം പാസി സിസ്റ്റത്തിൽ നിന്ന് നഷ്ടമാവുകയും ചെയ്യുന്നു. ഇത്തരം തട്ടിപ്പുകളിൽ നിന്ന് ജാഗ്രത പാലിക്കാൻ പൊതുജനങ്ങൾക്ക് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
മാസങ്ങൾക്ക് മുമ്പ് വിലാസങ്ങൾ ശരിയാക്കുന്നതിനായി വ്യാജ രേഖകൾ തയ്യാറാക്കിയ സർക്കാർ ജീവനക്കാർ അടക്കമുള്ളവരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റി ഫിനാൻഷ്യൽ ക്രൈംസ് വിഭാഗം പിടികൂടിയിരുന്നു.
Adjust Story Font
16

