കുവൈത്തിന് പുറത്തുപോകാൻ സ്വകാര്യ മേഖലയിലെ പ്രവാസികൾക്കും എക്സിറ്റ് പെർമിറ്റ് നിർബന്ധം
പുതിയ നിയമം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്തുപോകാൻ സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്കും എക്സിറ്റ് പെർമിറ്റ് നിർബന്ധം. പുതിയ നിയമം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ എക്‌സിറ്റ് പെർമിറ്റില്ലാതെ കുവൈത്തിൽ നിന്ന് ഇതര രാജ്യങ്ങളിലേക്ക് പ്രവാസികൾക്ക് യാത്ര ചെയ്യാൻ കഴിയില്ല. നേരത്തെ ഗവൺമെൻറ് മേഖലയിൽ മാത്രമുണ്ടായിരുന്നു നിയന്ത്രണം സ്വകാര്യ മേഖലയിലും കൊണ്ടുവരികയാണ്.
നിയമം തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും പ്രവാസികളുടെ സഞ്ചാരം നിരീക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഫസ്റ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസഫ് പുറപ്പെടുവിച്ച മന്ത്രിതല സർക്കുലറിലൂടെയാണ് തീരുമാനം ഔദ്യോഗികമാക്കിയത്. രാജ്യം വിടുന്നതിന് മുമ്പ് എല്ലാ പ്രവാസി തൊഴിലാളികളും എക്‌സിറ്റ് പെർമിറ്റ് നേടണമെന്ന് നിയമം നിർദേശിക്കുന്നു.
തൊഴിലുടമയെ അറിയിക്കാതെ അനധികൃതമായി രാജ്യം വിടുന്നത് ഒഴിവാക്കാനാണ് പുതിയ നിയമം. സ്ഥിരമായോ താൽക്കാലികമായോ കുവൈത്തിൽ നിന്ന് പുറത്തുപോകുന്ന പ്രവാസികളും എക്‌സിറ്റ് പെർമിറ്റ് വാങ്ങണം. തൊഴിലാളിയുടെ വ്യക്തിഗത വിവരങ്ങൾ, യാത്രാ തീയതി, ഗതാഗത രീതി എന്നിവ എക്സിറ്റ് പെർമിറ്റ് അപേക്ഷയിൽ രേഖപ്പെടുത്തണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
എങ്ങനെ അപേക്ഷിക്കാം?
- സിവിൽ ഐഡി നമ്പർ ഉപയോഗിച്ചാണ് എക്‌സിറ്റ് പെർമിറ്റിന് അപേക്ഷിക്കേണ്ടത്.
- സഹ്ൽ ആപ്പ് വഴിയോ പബ്ലിക് അതോറിറ്റി ഓഫ് മാൻ പവർ വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കാം.
- യാത്രക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം.
അപേക്ഷയിലെ തൊഴിലാളിയും തൊഴിലുടമയും ചേരുന്നുണ്ടോയെന്ന് സിസ്റ്റം തനിയേ പരിശോധിക്കും. എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ പ്രത്യേക വകുപ്പിന് കൈമാറും.
സഹ്ൽ ആപ്പ് വഴി എങ്ങനെ എക്‌സിറ്റ് പെർമിറ്റ് എടുക്കാം?
- നിങ്ങളുടെ മൊബൈലിൽ സഹ്ൽ ആപ്പ് തുറക്കുക.
- താഴത്തെ മെനുവിൽ നിന്ന് 'സർവീസസ്' ടാപ്പ് ചെയ്യുക
- ലിസ്റ്റിലൂടെ സ്‌ക്രോൾ ചെയ്ത് 'പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ' തിരഞ്ഞെടുക്കുക
- ഓപ്ഷനുകളിൽ നിന്ന് 'എക്പാട്രിയേറ്റ് ലേബർ സർവീസ്' തിരഞ്ഞെടുക്കുക
- 'ഇഷ്യൂയിംഗ് എക്‌സിറ്റ് പെർമിറ്റ്' ടാപ്പ് ചെയ്യുക
- എക്‌സിറ്റ്, റിട്ടേൺ തീയതികൾ ഉൾപ്പെടെ ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക
- പൂരിപ്പിച്ചു കഴിഞ്ഞാൽ, അപേക്ഷ നിങ്ങളുടെ തൊഴിലുടമയുടെ അംഗീകാരത്തിനായി അയയ്ക്കപ്പെടും
Adjust Story Font
16

