കുവൈത്തിൽ കനത്തചൂടിന് ആശ്വാസമാകുന്നു
ചൂടിന്റെ കാഠിന്യം ഈ മാസത്തോടെ അവസാനിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു

കുവൈത്തിൽ ചൂടിന്റെ കാഠിന്യം ഈ മാസത്തോടെ അവസാനിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വേനൽ കാലത്തെ അവസാന സീസണായ ക്ലെബിൻ സീസണോടെയാണ് അസഹ്യമായ ചൂട് അവസാനിക്കുക. സൂര്യന്റെ കിരണങ്ങളിൽ നിന്നുള്ള തീവ്രമായ ചൂടാണ് ഈ സീസണിന്റെ സവിശേഷത. എന്നാൽ അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുമെന്നും കാലാവസ്ഥ കേന്ദ്രം പറഞ്ഞു.
തെക്ക്, തെക്കുകിഴക്കൻ കാറ്റ് വീശുന്നതോടെ അന്തരീക്ഷ താപനിലയിലും കുറവുണ്ടാകും. ക്ലെബിൻ സീസൺ 13 ദിവസം നീണ്ടുനിൽക്കുമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ രാജ്യത്ത് കനത്ത ചൂടിനെ തുടർന്ന് പ്രതിദിന വൈദ്യുതി ഉപഭോഗ സൂചികയിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 16,852 മെഗാവാട്ട് പ്രതിദിന വൈദ്യുതിയാണ് ഉപയോഗിച്ചത്.
കനത്ത ചൂടിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വൈദ്യുതി തടസ്സപ്പെട്ട പ്രദേശങ്ങളിൽ പുനഃസ്ഥാപിച്ചതായി അധികൃതർ പറഞ്ഞു. രാജ്യത്തെ പല ഭാഗങ്ങളിലും കഴിഞ്ഞദിവസങ്ങളിൽ അന്തരീക്ഷ താപനില 50 ഡിഗ്രി സെൽഷ്യസ് റിപ്പോർട്ട് ചെയ്തിരുന്നു. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സാഹചര്യം ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ മുൻകരുതലുകളെടുക്കണമെന്ന് പൊതു ജനങ്ങളോട് അധികൃതർ നിർദേശിച്ചു.
Adjust Story Font
16

