Quantcast

കുവൈത്തിലെ ഭക്ഷണ ശാലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം; ഹോട്ടൽ ആന്‍ഡ് റസ്‌റ്റോറന്‍റ് അസോസിയേഷൻ

രാത്രിയില്‍ നേരത്തെ കടകള്‍ അടക്കുന്നത് കാരണം ഹോട്ടല്‍ മേഖലയില്‍ പ്രതിവര്‍ഷം ഏകദേശം 420 ലക്ഷം ദിനാറോളം നഷ്ടം സംഭവിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-02-10 18:39:09.0

Published:

11 Feb 2023 12:05 AM IST

Kuwait, Hotel and Restaurant Association
X

കുവൈത്ത് സിറ്റി: രാജ്യത്ത് രാത്രി 12 ന് ശേഷം റസ്റ്റോറന്‍റുകള്‍, കഫേകൾ, ശീഷ സ്ഥാപനങ്ങൾ എന്നീവ അടക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം പിന്‍വലിക്കണമെന്ന് ഹോട്ടൽ ആന്‍ഡ് റസ്‌റ്റോറന്‍റ് അസോസിയേഷൻ. രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വഴി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശം അപ്രായോഗികമാണെന്നും രാജ്യത്തെ ആയിരത്തിലേറെ റസ്റ്റോറന്‍റുകളേയും കഫേകളേയും തീരുമാനം നേരിട്ട് ബാധിക്കുന്നതായും അസോസിയേഷൻ ചെയര്‍മാന്‍ ഫഹദ് അൽ അർബാഷ് പറഞ്ഞു. കഫേകളിലും ഷീഷ കടകളിലും വ്യാപാരത്തിന്‍റെ സിംഹ ഭാഗവും നടക്കുന്നത് രാത്രി പത്തിന് ശേഷമാണ്. അർദ്ധരാത്രിക്ക് ശേഷം റസ്റ്റോറന്‍റുകള്‍ അടച്ചുകഴിഞ്ഞാൽ പകുതിയിലേറെ വരുമാനം നഷ്ടമാകും. രാത്രിയില്‍ നേരത്തെ കടകള്‍ അടക്കുന്നത് കാരണം ഹോട്ടല്‍ മേഖലയില്‍ പ്രതിവര്‍ഷം ഏകദേശം 420 ലക്ഷം ദിനാറോളം നഷ്ടം സംഭവിക്കുന്നുണ്ട്.

നേരത്തെ മയക്കുമരുന്ന് ഉപയോഗം, വിൽപ്പന എന്നിവ ചെറുക്കുന്നതിന്‍റെയും പൊതു ചട്ടം കൊണ്ടുവരുന്നതിന്‍റെയും ഭാഗമായാണ് റസ്റ്റോറന്‍റുകൾ, കഫേകൾ, ശീഷ സ്ഥാപനങ്ങൾ എന്നിവക്ക് രാത്രി 12ന് ശേഷം നിയന്ത്രണം ഏർപ്പെടുത്തിയത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്‍റ് ജനറൽ അൻവർ അൽ ബർജാസ് മുനിസിപ്പാലിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

TAGS :

Next Story