Quantcast

കുവൈത്തിലെ ഫൈലാക ദ്വീപിൽ നിന്ന് അപൂർവമായ നിരവധി പുരാവസ്തുക്കൾ കണ്ടെത്തി

സിറിയക് ലിപിയിൽ ആലേഖനം ചെയ്ത മൺപാത്രങ്ങൾ, നാണയങ്ങൾ, എന്നിവ കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    24 Dec 2025 8:04 PM IST

കുവൈത്തിലെ ഫൈലാക ദ്വീപിൽ നിന്ന് അപൂർവമായ നിരവധി പുരാവസ്തുക്കൾ കണ്ടെത്തി
X

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലാക ദ്വീപിൽ നിന്ന് അപൂർവമായ നിരവധി പുരാവസ്തുക്കൾ കണ്ടെത്തിയതായി നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് അറിയിച്ചു. ദ്വീപിന്റെ മധ്യഭാഗത്തുള്ള അൽ-ഖുസൂർ മൊണാസ്ട്രിയിൽ നിന്നാണ് സിറിയക് ലിപിയിൽ ആലേഖനം ചെയ്ത മൺപാത്രങ്ങൾ, നാണയങ്ങൾ, ഉമയ്യദ്, ആദ്യകാല അബ്ബാസിദ് കാലഘട്ടങ്ങളിലെ തെളിവുകൾ എന്നിവ കണ്ടെത്തിയത്.

കുവൈത്ത്–ഫ്രഞ്ച് സംയുക്ത ദൗത്യസംഘം നടത്തിയ ഖനനത്തിൽ വലിയ വാസ്തുവിദ്യാ അവശിഷ്ടങ്ങൾ, കൃത്രിമ ബസാൾട്ടിന്റെ ആദ്യകാല ഉദാഹരണങ്ങൾ, സിറിയക് ലിപിയിലുള്ള മൺപാത്രങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇത് ഫൈലാക ദ്വീപിൽ കിഴക്കൻ സിറിയക് പാരമ്പര്യം പിന്തുടർന്ന ഒരു ക്രിസ്ത്യൻ സമൂഹത്തിന്റെ സാന്നിധ്യം വ്യക്തമാക്കുന്നതായാണ് വിലയിരുത്തൽ. 2011 മുതൽ തുടരുന്ന ഖനനങ്ങളിൽ, ക്രിസ്തുവർഷം ഏഴാം നൂറ്റാണ്ടിന്റെ മധ്യം മുതൽ ഒമ്പതാം നൂറ്റാണ്ടിന്റെ മധ്യം വരെ നിലനിന്നിരുന്ന ഒരു സന്യാസവാസകേന്ദ്രം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കുവൈത്ത് സർവകലാശാലയിലെ പ്രൊഫസർ ഹസ്സൻ അഷ്കനാനി പറഞ്ഞു.

ക്രിസ്ത്യൻ കാലഘട്ടത്തിൽ നിന്ന് ആദ്യകാല ഇസ്ലാമിക ഘട്ടത്തിലേക്കുള്ള ചരിത്രപരമായ പരിവർത്തനത്തെ ഈ കണ്ടെത്തൽ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 1,200 വർഷങ്ങൾക്ക് മുമ്പുള്ള ദൈനംദിന, സാമ്പത്തിക, മതജീവിതത്തെക്കുറിച്ചുള്ള അപൂർവ വിവരങ്ങൾ നൽകുന്ന സിറിയക്, പേർഷ്യൻ ലിപികളിലുള്ള ശിലാലിഖിതങ്ങൾ, നാണയങ്ങൾ, അലങ്കരിച്ച സുഗന്ധദ്രവ്യ കുപ്പികൾ, ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങൾ എന്നിവയും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.

വലിയൊരു പള്ളി, ഭക്ഷണശാല, വിപുലമായ പാചകസമുച്ചയം എന്നിവ ഉൾപ്പെട്ട ആശ്രമ സമുച്ചയവും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇത് ആദ്യകാല ഇസ്ലാമിക കാലഘട്ടത്തിലെ ക്രിസ്ത്യൻ–ഇസ്ലാമിക സഹവർത്തിത്വത്തിന്റെ വ്യക്തമായ തെളിവുകളാണെന്ന് ഫ്രഞ്ച് മിഷൻ സൂപ്പർവൈസർ ഡോ. ജൂലി ബോണെറിക് പറഞ്ഞു.

TAGS :

Next Story