തെരുവുനായ ആക്രമണം; കുവൈത്തിലെ സുബ്ഹാനിൽ സൈനിക ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്
രാജ്യത്ത് രണ്ട് ദിവസങ്ങൾക്കിടയിലുണ്ടായ രണ്ടാമത്തെ തെരുവുനായ ആക്രമണം

കുവൈത്ത് സിറ്റി: സുബ്ഹാനിലെ എയർ ഫോഴ്‌സ് ബറ്റാലിയനിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനിക ക്യാപ്റ്റന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ഓഫീസർ വാഹനത്തിനടുത്തേക്ക് പോകുമ്പോഴായിരുന്നു കൂട്ടമായെത്തിയ നായ്ക്കൾ അദ്ദേഹത്തെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സഹപ്രവർത്തകർ ഉടൻ തന്നെ ജാബിർ അൽ-അഹമ്മദ് ആംഡ് ഫോഴ്‌സസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തൊട്ടടുത്ത പ്രദേശത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ് 48 മണിക്കൂറിനുള്ളിലാണ് ഈ സംഭവം നടക്കുന്നത്. കുട്ടിയുടെ ശരീരത്തിലും സാരമായ മുറിവുകളുണ്ടാവുകയും അൽ-അദാൻ ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തുടർച്ചയായുള്ള ആക്രമണങ്ങൾ പ്രദേശത്ത് തെരുവുനായ്ക്കൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിനും ഇത്തരം ആക്രമണങ്ങൾ തടയുന്നതിനും അധികൃതർ എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത്.
Adjust Story Font
16

