വാണിജ്യ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന വിദേശികൾക്കെതിരെ കർശന നിയമം വരുന്നു
കരടുനിയമം തയാറാക്കി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിൽ ലൈസൻസില്ലാതെ പ്രവാസികൾ ബിസിനസ്സിൽ ഏർപ്പെടുന്നത് തടയാൻ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഇത് സംബന്ധമായ കരട് നിയമം വാണിജ്യ വ്യവസായ മന്ത്രാലയം തയാറാക്കി. ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ആവശ്യമായ ലൈസൻസുകൾ നേടാതെ പ്രവാസികള്‍ രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തുന്നത് തടയും. സ്വകാര്യ മേഖലയിൽ നിയമ വിധേയമായി പ്രവർത്തിക്കുന്ന നിക്ഷേപകർക്ക് പിന്തുണ നൽകുന്ന സുതാര്യമായ വിപണിയും സമ്പദ് വ്യവസ്ഥയും സൃഷ്ടിക്കുകയാണ് നിയമത്തിലൂടെ മന്ത്രാലയം ഉദ്ദേശിക്കുന്നതെന്ന് പ്രാദേശിക അറബിക് മീഡിയയായ അൽ-അൻബ റിപ്പോർട്ട് ചെയ്തു. നിയമവിരുദ്ധമായി വ്യാപാര നാമങ്ങൾ, ലൈസൻസ്, വാണിജ്യ രജിസ്ട്രേഷനുകൾ എന്നിവ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടികൾക്ക് കരട് നിയമത്തിൽ നിര്‍ദ്ദേശമുണ്ട്. വാണിജ്യ മത്സരങ്ങളുടെ ഭാഗമായി തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങളും പ്രചാരണങ്ങളും നിരോധിക്കും. വാണിജ്യ ഉദ്യോഗസ്ഥരെ അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടയുന്നതും ശിക്ഷാർഹമാണ്. വാണിജ്യ ലംഘനങ്ങൾ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിനായി നിയമപരമായി നിയോഗിച്ച വാണിജ്യ ഉദ്യോഗസ്ഥർക്കു ജുഡീഷ്യൽ പോലീസ് ഓഫീസറുടെ പദവി നല്‍കും. അനധികൃത പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ, ബന്ധപ്പെട്ട സ്ഥാപനത്തെ അടച്ചുപൂട്ടുന്നതിനോടൊപ്പം നാട് കടത്തൽ ഉൾപ്പെടെയുള്ള ശിക്ഷ നടപടികളും കരട് നിയമത്തിൽ നിർദ്ദേശിച്ചു. കുറ്റക്കാർക്കെതിരായ അന്തിമ വിധികളും, നിയമലംഘനം നടത്തുന്നവരുമായി ബന്ധപ്പെട്ട വിവരങ്ങളും വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
Adjust Story Font
16

