കുവൈത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ മന്ത്രാലയം
രോഗ ലക്ഷണങ്ങളുമായി നിരവധി പേർ ആരോഗ്യ കേന്ദ്രങ്ങളിലെത്തിയെങ്കിലും ആരുടേയും നില ഗുരുതരമല്ല

കുവൈത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. സംശയാസ്പദമായ കേസുകൾ ശ്രദ്ധയിൽ പെട്ടാലുടൻ ആരോഗ്യ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യാൻ രാജ്യത്തെ സർക്കാർ സ്വകാര്യ മേഖലകളിലെ ആരോഗ്യ വിദഗ്ധരോട് മന്ത്രാലയം നിർദേശിച്ചു.
പന്നിപ്പനി രോഗ ലക്ഷണങ്ങളുമായി നിരവധി പേർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും എത്തിയെങ്കിലും ആരുടേയും നില ഗുരുതരമല്ല. നിലവിൽ ചികിത്സിക്കാനും വ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ: അബ്ദുള്ള അൽ സനദ് അറിയിച്ചു. ആരോഗ്യമന്ത്രാലയം രാജ്യത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗ നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും അനുസരിച്ചായിരിക്കും പന്നിപനി പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് പോവുകയെന്ന് അധികൃതർ വ്യക്തമാക്കി.
പനി പടരുന്ന സാഹചര്യത്തിൽ സ്വദേശികളും വിദേശികളും ഉൾപ്പടെ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലക്ഷണങ്ങൾ പ്രകടമാവുന്ന സന്ദർഭത്തിൽ ഏറ്റവും വേഗത്തിൽ രോഗം തിരിച്ചറിയാനും വ്യാപനം തടയാനുമുള്ള സംവിധാനങ്ങളും സ്വീകരിച്ചിട്ടുണ്ട്. മുൻകരുതൽ എന്ന നിലയിൽ ആശുപത്രികളിൽ ചികിത്സക്കായി ഐസൊലേഷൻ വാർഡ് സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.
രോഗ ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. അത്യാവശ്യമായ സന്ദർഭങ്ങളിൽ മാത്രമേ രോഗിയുമായി ബന്ധപ്പെടാവൂവെന്നും അനാവശ്യമായി ആളുകൾ കൂട്ടംകൂടുന്നതിൽ നിന്ന് വിട്ട് നിൽക്കണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു.
Adjust Story Font
16

