കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ തൊഴിലാളികൾക്കായി പുതിയ ഭവന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
രാജ്യത്തെ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത്

കുവൈത്ത് സിറ്റി: കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ തൊഴിലാളികൾക്കായി പുതിയ ഭവന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രാജ്യത്തെ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിന്‍റെ ഭാഗമായാണ് പബ്ലിക് അതോറിറ്റി മാൻപവർ പാര്‍പ്പിട മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്. സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഓരോ തൊഴിലാളിക്കും താമസ സ്ഥലത്ത് നിർദ്ദിഷ്ടമായ ചതുരശ്ര അടി വിസ്തീർണ്ണം ഉറപ്പാക്കേണ്ടതാണ്. ഒരു മുറിയിൽ നാലിലധികം തൊഴിലാളികൾ താമസിക്കരുത്. റൂമുകളിൽ തിങ്ങി താമസിക്കുന്നത് ഒഴിവാക്കുകയും വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യം.
കൂടാതെ, യോഗ്യമായ താമസം ഒരുക്കുന്നതിൽ പരാജയപ്പെടുന്ന തൊഴിലുടമകൾ തൊഴിലാളികൾക്ക് ഹൗസിംഗ് അലവൻസ് നല്‍കണം. ഇതനുസരിച്ച്, കുറഞ്ഞ ശമ്പളം ലഭിക്കുന്നവർക്ക് ശമ്പളത്തിന്റെ 25 ശതമാനവും, കൂടുതൽ ശമ്പളം ലഭിക്കുന്നവർക്ക് 15 ശതമാനവും അലവൻസ് നല്‍കണമെന്ന് അതോറിറ്റി വ്യക്തമാക്കി. തൊഴിലുടമകൾ തൊഴിലാളികൾക്ക് താമസം ഒരുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ അനുമതി നേടണം. ഈ അനുമതി താമസ സൗകര്യങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും തൊഴിലാളികൾക്ക് അനുയോജ്യമാണെന്നും ഉറപ്പുവരുത്തുന്നതിനാണെന്ന് പബ്ലിക് അതോറിറ്റി മാൻപവർ അറിയിച്ചു.
Adjust Story Font
16

