പുതിയ അധ്യയന വർഷവും കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർധനവുണ്ടാകില്ല
ഉത്തരവിറക്കി വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിലും ഫീസ് വർധനവുണ്ടാകില്ല. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബായി ഉത്തരവിറക്കി. രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും വിദ്യാഭ്യാസ ഫീസ് നിയന്ത്രിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ തീരുമാനം. വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
വിദ്യാഭ്യാസ മേഖലയിൽ എല്ലാവർക്കും തുല്യമായ പ്രവേശനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2018 ൽ പുറത്തിറക്കിയ ഫീസ് വർധനവ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഈ അധ്യയന വർഷത്തേക്കും നീട്ടുകയായിരുന്നു. നിയമവിരുദ്ധമായി ഫീസ് വർധിപ്പിക്കുന്ന സ്‌കൂളുകൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസകാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായുള്ള സ്‌കൂളുകളിലെ ഫീസ് സംബന്ധിച്ച് 2020ൽ ഇറക്കിയ തീരുമാനം 2025/2026 അധ്യയന വർഷത്തിലും പ്രാബല്യത്തിൽ തുടരുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
Adjust Story Font
16

