ഗതാഗതക്കുരുക്ക്: കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം
നാളെ മുതൽ 2026 ജൂൺ 14 വരെയാണ് ആദ്യഘട്ട നിയന്ത്രണം

കുവൈത്ത് സിറ്റി: ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട്, പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് സമയനിയന്ത്രണം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ നേതൃത്വത്തിലാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്. സെപ്റ്റംബർ 1 മുതൽ 2026 ജൂൺ 14 വരെയാണ് ആദ്യഘട്ട നിയന്ത്രണം. ഈ കാലയളവിൽ, രാവിലെ 6:30 മുതൽ 9:00 വരെയും ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെയും ട്രക്കുകൾക്ക് പ്രധാന റോഡുകളിൽ പ്രവേശനം ഉണ്ടായിരിക്കില്ല.
എന്നാൽ, 2026 ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെയുള്ള വേനൽക്കാലത്ത്, നിയന്ത്രണം ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെയുള്ള സമയത്തേക്ക് മാത്രമായി പരിമിതപ്പെടുത്തും. ഗതാഗതം സുഗമമാക്കുക, തിരക്ക് കുറയ്ക്കുക, റോഡ് സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഈ നടപടികളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. നിയമലംഘനം നടത്തുന്ന ട്രക്ക് ഡ്രൈവർമാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഡ്രൈവർമാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Adjust Story Font
16

