തുർക്കി പ്രസിഡന്റ് ഉർദുഗാൻ കുവൈത്ത് സന്ദർശനത്തിനെത്തി
ബയാൻ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടന്നു

കുവൈത്ത് സിറ്റി: തുർക്കി പ്രസിഡന്റ് റജബ് തയ്‌യിബ് ഉർദുഗാൻ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി. കുവൈത്ത് അമീർ ഷെയ്ഖ് മിശ്അൽ അഹ്മദ് അൽ ജാബർ അസ്സബാഹ്, കിരീടാവകാശിയും പ്രധാനമന്ത്രിയും ഉൾപ്പെടെ മുതിർന്ന നേതാക്കൾ വിമാനത്താവളത്തിൽ എത്തി ഉർദുഗാനെ സ്വീകരിച്ചു.
ഫലസ്തീൻ, സിറിയ തുടങ്ങിയ പ്രദേശങ്ങളിലെ പുതിയ സംഭവവികാസങ്ങൾ, സംയുക്ത സഹകരണം വർധിപ്പിക്കൽ, മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. ഇരു രാജ്യങ്ങൾക്കുമിടയിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഉർദുഗാന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. പ്രതിരോധം, ടൂറിസം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ നിരവധി സഹകരണ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.
ബയാൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ തുർക്കി പ്രസിഡന്റ് അമീർ ഷെയ്ഖ് മിശ് അൽ അഹ്മദ് അൽ ജാബർ അസ്സബാഹിന് TOGG ഇലക്ട്രിക് കാർ സമ്മാനിച്ചു. സമ്മാനത്തിന് നന്ദി അറിയിച്ച അമീർ തുർക്കി ജനതയ്‌ക്ക് ഹൃദയംഗമമായ ആശംസകളും നേർന്നു.
കഴിഞ്ഞ വർഷം കുവൈത്ത് അമീർ തുർക്കി സന്ദർശിച്ചിരുന്നു. ഉർദുഗാന്‍റെ സന്ദർശനത്തോടെ ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതൽ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, ഊർജ്ജ–പ്രകൃതി വിഭവ മന്ത്രി അൽപാർസ്ലാൻ ബൈരക്തർ, സാമ്പത്തിക–ധനകാര്യ മന്ത്രി മെഹ്മത് സിംസെക്, പ്രതിരോധ മന്ത്രി യാസർ ഗുലർ, വ്യവസായ–സാങ്കേതിക മന്ത്രി മെഹ്മത് കാസിർ എന്നിവർ ഉൾപ്പെടുന്ന ഉന്നതതല സംഘമാണ് ഉർദുഗാനെ അനുഗമിക്കുന്നത്.
400 കുവൈത്ത് കമ്പനികൾ തുർക്കിയിൽ പ്രവർത്തിക്കുമ്പോൾ, അമ്പതോളം തുർക്കി കമ്പനികൾ കുവൈത്തിലെ വിവിധ മേഖലകളിലും സജീവമാണ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യ പദ്ധതികൾ ഉൾപ്പെടെ നിരവധി വികസന പദ്ധതികളിൽ തുർക്കി കമ്പനികൾ പങ്കാളികളാണ്.
Adjust Story Font
16

