ദുബൈയിലെ ഇന്ത്യൻ ദമ്പതികളുടെ കൊലപാതകം; പാക് സ്വദേശിയുടെ വധശിക്ഷ ശരിവെച്ചു
2020 ജൂൺ 17 നാണ് ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ- വിധി ആദിയ ദമ്പതികൾ ദുബൈ അറേബ്യൻ റാഞ്ചസിലെ വില്ലയിൽ കൊല്ലപ്പെട്ടത്

ദുബൈ: ഇന്ത്യൻ ദമ്പതികളെ കൊന്ന കേസിൽ പാക്കിസ്ഥാൻ സ്വദേശിയുടെ വധശിക്ഷ ദുബൈ ഉന്നതതല കോടതി ശരിവെച്ചു. മോഷ്ടിക്കാൻ കയറി ഗുജറാത്ത് സ്വദേശികളായ ദമ്പതികളെ കുത്തികൊന്ന ഇരുപത്തിയാറുകാരനാണ് വധശിക്ഷ ലഭിക്കുക. ദുബൈ ഭരണാധാരിയുടെ അനുമതി ലഭിച്ചാൽ ഇയാൾക്ക് വധശിക്ഷ നടപ്പാക്കും.
2020 ജൂൺ 17 നാണ് ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ- വിധി ആദിയ ദമ്പതികൾ ദുബൈ അറേബ്യൻ റാഞ്ചസിലെ വില്ലയിൽ കൊല്ലപ്പെട്ടത്. ബിസിനസുകാരായ ഇവരെ മോഷണശ്രമത്തിനിടെ മകളുടെ മുന്നിൽവെച്ച് മോഷ്ടാവ് കുത്തിക്കൊല്ലുകയായിരുന്നു. മോഷ്ടിച്ച പണവുമായി രക്ഷപ്പെട്ട പ്രതിയെ പിന്നീട് ഷാർജയിൽ നിന്ന് പൊലീസ് പിടികൂടി. നേരത്തേ ദമ്പതികളുടെ വീട്ടിൽ അറ്റകുറ്റപ്പണിക്ക് എത്തിയ പ്രതി ആസൂത്രിതമായാണ് മോഷണത്തിന് എത്തിയതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. കൊല്ലപ്പെട്ട ദമ്പതികളുടെ മകൾ കൃത്യത്തിന് ദൃക്സാക്ഷിയുമാണ്. ക്രിമിനൽ കോടതി പ്രതിക്ക് വിധിച്ച വധശിക്ഷ നേരത്തേ പ്രാഥമിക കോടതിയും, അപ്പീൽകോടതിയും ശരിവെച്ചിരുന്നു. ഇതോടെയാണ് കേസ് ഉന്നതതല കോടതിയിലെത്തിയത്. ഈ വിധി ഭരണാധികാരികൂടി ശരിവെച്ചാൽ പ്രതിക്ക് വധശിക്ഷ നടപ്പാകുമെന്ന് നിയമവിദഗ്ധർ പറയുന്നു. കൊല്ലപ്പെട്ട ദമ്പതികൾ യു എ ഇയിൽ ഗോൾഡൻവിസയിൽ കഴിഞ്ഞിരുന്നവരാണ്. ഇവരുടെ രണ്ടുമക്കൾക്കും ദുബൈയിൽ പഠനം തുടരാൻ സർക്കാർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16

