ഒമാനിൽ എഐ ക്യാമറ നിരീക്ഷണം വ്യാപകമാക്കുന്നു; ഗതാഗത നിയമലംഘനങ്ങൾ തടയാൻ കർശന നടപടികൾ
നഗര കേന്ദ്രങ്ങളിലും ഗവർണറേറ്റുകളിലും സമഗ്രമായ ട്രാഫിക് നിരീക്ഷണം ഉറപ്പാക്കും

മസ്‌കത്ത്: ഒമാനിലെ റോയൽ ഒമാൻ ട്രാഫിക് വിഭാഗം രാജ്യത്തുടനീളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള ക്യാമറ നിരീക്ഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. പ്രധാന കവലകളിലും ഹൈവേകളിലും പുതിയ എഐ ക്യാമറകൾ സ്ഥാപിക്കും. ഇത് നഗര കേന്ദ്രങ്ങളിലും ഗവർണറേറ്റുകളിലും സമഗ്രമായ ട്രാഫിക് നിരീക്ഷണം ഉറപ്പാക്കും.
ഉയർന്ന ഗതാഗത തിരക്കും സുരക്ഷാ മുൻഗണനകളുമുള്ള പ്രദേശങ്ങളിലും തിരഞ്ഞെടുത്ത ഹൈവേകളിലും ഈ സംവിധാനങ്ങൾ സജ്ജീകരിക്കും. വേഗത, സിഗ്‌നൽ ലംഘനങ്ങൾ, ശ്രദ്ധ തിരിക്കുന്ന ഡ്രൈവിംഗ്, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ ഒന്നിലധികം ലംഘനങ്ങൾ ഒരേസമയം കണ്ടെത്തുന്നതിന് ഈ എഐ സിസ്റ്റം നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. റെക്കോർഡ് ചെയ്ത ഡാറ്റ തത്സമയം കേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയും ചെയ്യും.
പ്രധാന ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനൊപ്പം, ഡെലിവറി മേഖലയിലേതുൾപ്പെടെയുള്ള നിർദ്ദിഷ്ട വാഹനങ്ങളുമായും ഡ്രൈവർമാരുമായും ബന്ധപ്പെട്ട ആവർത്തിച്ചുള്ള ഗതാഗത ലംഘനങ്ങൾ ട്രാക്ക് ചെയ്യാനും എഐ സിസ്റ്റം രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതുമാണ് ഒമാനിലെ റോഡപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഈ നിയമലംഘനങ്ങൾ തടയുന്നതിനും കൂടുതൽ പേരെ നിയമം അനുസരിക്കാൻ പ്രേരിപ്പിക്കുന്നതിനും ഈ എഐ ക്യാമറകൾ സഹായകമാകും. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് പോയിന്റ് സംവിധാനം നടപ്പാക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്. ഇത് കൂടുതൽ കർശനമായ നിയമനടപടികൾ ഉറപ്പാക്കും.
Adjust Story Font
16

