അൽ അവാബി മാംഗോസ് ഫെസ്റ്റിവലിന് സമാപനം
വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തിയ ഫെസ്റ്റിവൽ പഴയകാല ഓർമകളിലേക്ക് കൂട്ടികൊണ്ടുപോവുന്നത് കൂടിയായിരുന്നു

മസ്കത്ത്: അൽ ആലിയയിൽ സംഘടിപ്പിച്ച അൽ അവാബി മാംഗോസ് ഫെസ്റ്റിവലിന് സമാപനം. വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തിയ ഫെസ്റ്റിവൽ പഴയകാല ഓർമകളിലേക്ക് കൂട്ടികൊണ്ടുപോവുന്നത് കൂടിയായിരുന്നു. ഒമാനിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നാണ് തെക്കൻ ബാത്തിന ഗവർണറേറ്റിലെ അൽ ആലിയ. ഉയർന്ന നിലവാരമുള്ള മാമ്പഴ ഇനങ്ങളുടെ സമൃദ്ധമായ വിളവിന് പേരുകേട്ട ഇടം കൂടിയാണ് ഈ ഗ്രാമം.
പ്രാദേശിക കാർഷിക ഉൽപനങ്ങളും പരമ്പരാഗത കരകൗശല വസ്തുക്കളും പ്രദർശിപ്പിച്ച മാർക്കറ്റ് കോർണർ, യുവാക്കളുടെ സംരംഭങ്ങളും പദ്ധതികളും പ്രദർശിപ്പിച്ച ഗ്രാമീണ സംരംഭകത്വ കോർണർ, കൃഷിയുടെ തത്വങ്ങളും പ്രാധാന്യവും കുട്ടികളെ പഠിപ്പിക്കുന്ന ചെറുകിട കർഷക കോർണർ, സാംസ്കാരിക, കലാ, വിനോദ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന നാടക കോർണർ എന്നിവ ഇതിൽ ശ്രദ്ധേയമായിരുന്നു. മാമ്പഴ കൃഷിയെയും പരിചരണ രീതികളെയും കുറിച്ചുള്ള അവബോധ പ്രഭാഷണം, മരങ്ങളിൽ നിന്ന് നേരിട്ട് പഴങ്ങൾ പറിച്ചെടുക്കുന്നതിന്റെ അനുഭവം, അൽ ആലിയ ഗ്രാമത്തിന്റെ ലാൻഡ്‌മാർക്കുകൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ടൂറുകൾ, വിനോദ മത്സരങ്ങൾ എന്നിവയായിരുന്നു മേളയിലെ മറ്റു ആകർഷണങ്ങൾ. കർഷകരുടെ സഹകരണത്തോടെ തെക്കൻ ബാത്തിന ഗവർണറുടെ ഓഫിസാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
Adjust Story Font
16

