ദോഫാറിലെ അൽ-മഷാഷ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഫോറം സമാപിച്ചു
സലാലയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്

മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ മഖ്‌ഷാനിലെ അൽ-മഷാഷ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഫോറം വൈവിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു. ഫോറം സ്വദേശികളും വിദേശികളും ഒരുപോലെ ആഘോഷമാക്കി. സലാലയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവോടെയാണ് ഇപ്രാവശ്യത്തെ ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് പരമ്പരാഗത പ്രകടനങ്ങളും ആവേശകരമായ "സാൻഡ് ചലഞ്ച്" മത്സരവും സാഹസിക പ്രേമികളുടെ മനംകവർന്നു.
പ്രദേശത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, പ്രകൃതി ആകർഷണങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയും, ദോഫാറിലെ ശൈത്യകാല ടൂറിസം സീസൺ ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ഫോറത്തിന്റെ ലക്ഷ്യം. കലകൾ, പരമ്പരാഗത കരകൗശല വസ്തുക്കൾ എന്നിവ ഉയർത്തി കാണിക്കുന്നതിലൂടെ പ്രാദേശിക സമൂഹങ്ങൾക്ക് പുതിയ സാമ്പത്തിക, സാമൂഹിക അവസരങ്ങൾ തുറക്കുകയുമായിരുന്നു.
ഒമാന്റെ ദേശീയ ദിനാഘോഷത്തിനൊപ്പം ചേർന്നതും പരിപാടിയെ കൂടുതൽ വർണാഭമാക്കി. മരുഭൂമിപ്രദേശങ്ങളിലെ ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നത് കൂടിയായിരുന്നു ഫോറം. മേഖലയുടെ വികസനത്തിനായി 170 കിലോമീറ്റർ റോഡുകൾ നിർമിക്കുന്ന പദ്ധതികൾ പുരോഗമിക്കുന്നതായി മഖ്ഷൻ ഡെപ്യൂട്ടി വാലി മുഹമ്മദ് ബിൻ ആമിർ ജദാദ് പറഞ്ഞു
Adjust Story Font
16

